പെരിയ ഇരട്ടക്കലക്കേസ് : തൊണ്ടിമുതലുകളിലൊന്ന് കലൂരിലെ സിബിഐ പ്രത്യേക കോടതി വളപ്പില്‍
കലൂരിലെ സിബിഐ പ്രത്യേക കോടതി വളപ്പില്‍ കെഎല്‍14 ജെ റജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ സൂക്ഷിച്ചിട്ടുണ്ട്. ഇലകളും ചെടികളുമൊക്കെ മൂടിയിട്ടും 'ക്രൈം നമ്പര്‍ 75 പെരിയ മര്‍ഡര്‍' എന്ന് രേഖപ്പെടുത്തിയത് പക്ഷേ മാഞ്ഞിട്ടില്ല. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തൊണ്ടിമുതലുകളിലൊന്നാണിത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കൊണ്ടുവന്ന വാഹനമാണിത്. രണ്ടാം പ്രതി സജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളത്.
2019 ഫെബ്രുവരിയില്‍ നടന്ന കൊലപാതകത്തിനു ശേഷം 6 വര്‍ഷത്തോളമെടുത്തു അന്വേഷണവും വിചാരണയുമൊക്കെ കഴിയാന്‍. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണം കുടുംബങ്ങള്‍ ഉന്നയിക്കുകയും ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതി വരെ പോയെങ്കിലും ഹൈക്കോടതി തീരുമാനം ശരിവയ്ക്കുകയായിരുന്നു.
സിബിഐ അന്വേഷണത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ പ്രതികള്‍ 14നു പകരം 24 ആയി. ഇന്ന് സിബിഐ കോടതി ഇതില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 10 പേരെ വെറുതെ വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയ 14 പേരില്‍ 10 പേര്‍ ഇന്ന് ശിക്ഷിച്ചവരില്‍ ഉള്‍പ്പെടും. സിബിഐ അധികമായി ഉള്‍പ്പെടുത്തിയ പ്രതികളില്‍ 4 പേരെയുമാണ് ഇന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആറു വര്‍ഷത്തിനു ശേഷം പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പറയുന്ന ദിവസമായിരുന്നതിനാല്‍ പുലര്‍ച്ചെ തന്നെ കൊച്ചിയിലെത്തിയിരുന്നു ശരത് ലാലിന്റെ പിതാവ് സത്യനാരായണനും സഹോദരി അമൃതയും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും സഹോദരി കൃഷ്ണപ്രിയയും. പത്തരയോടെ പ്രതികള്‍ എല്ലാവരെയും കോടതിയില്‍ എത്തിച്ചിരുന്നു. 11 മണിക്ക് കോടതി ചേര്‍ന്നയുടന്‍ ജഡ്ജി എന്‍.ശേഷാദ്രിനാഥന്‍ വിധി പറഞ്ഞു.
https://www.facebook.com/Malayalivartha