എന്റെ മകന്‍ തെറ്റുകാരനല്ല: എനിക്കെതിരെ ഒരു തെമ്മാടിക്കൂട്ടം പ്രവര്‍ത്തിക്കുന്നുണ്ട്; അവരാണ് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍, മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്ന് പ്രതിഭ എംഎല്‍എ
എന്റെ മകന്‍ തെറ്റുകാരനല്ലെന്നും എനിക്കെതിരെ ഒരു തെമ്മാടിക്കൂട്ടം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരാണ് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും യു. പ്രതിഭ എംഎല്‍എ. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും യു. പ്രതിഭ എംഎല്‍എ പറയുന്നു. നാളെ കേസ് ഫയല്‍ ചെയ്യും. ഇവരെയാരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല.
ഇപ്പോള്‍ എഫ്‌ഐആര്‍ എന്ന് പറഞ്ഞ് പുറത്തുവിടുന്ന വാര്‍ത്തയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. മകന്‍ എന്റെ അടുത്തുണ്ട്. അവനാകെ മാനസിക പ്രയാസത്തിലാണ്. അവന്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഈ കഴുകന്‍കൂട്ടം അതും കൊത്തിവലിച്ചേനേ. ഞാന്‍ ഇതിനെയൊക്കെ അതിജീവിക്കും. എനിക്ക് തളര്‍ച്ചയും പതര്‍ച്ചയുമില്ല. പിന്നെ അവന്‍ സിഗരറ്റ് വലിച്ചിട്ടുണ്ടെങ്കില്‍ അത് ഈ കാലഘട്ടത്തിന്റെ ദുശ്ശീലമാണെന്നേ ഞാന്‍ പറയൂ. അവനെ ഞാന്‍ തിരുത്തും.'' പ്രതിഭ പറഞ്ഞു.
''മകനെതിരെ കെട്ടിച്ചമച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാര്‍ട്ടിയില്‍ മുഴുവന്‍ ഇത്തരക്കാരാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലാണ് സൈബര്‍ മേഖലയിലെ ആക്ഷേപങ്ങള്‍. പാര്‍ട്ടിയ്ക്കകത്തു നിന്നും തനിക്കെതിരെ യാതൊരു ഗൂഢാലോചനയും ഇല്ല'' എന്നും പ്രതിഭ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. മകന്റെ കയ്യില്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും അറസ്റ്റു വാര്‍ത്ത തെറ്റാണെന്നും മകന്‍ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ ഇന്നലെ വിശദീകരിച്ചിരുന്നു. എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേരെ 3ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്‌തെന്നാണ് എക്‌സൈസ് പറയുന്നത്.
''എന്റെ മകന്‍ അടക്കം 9 കുട്ടികളുടെ ഗ്രൂപ്പ് ഒരുമിച്ചു കൂടിയിരുന്നു. ആരോ തെറ്റായ വിവരം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അവരെ പൊലീസ് പിടികൂടുന്നത്. സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥര്‍ എന്നെ നേരിട്ടു വിളിച്ചിരുന്നു. പാവം കുട്ടികളാണെന്ന് അവര്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി. അവനൊരു നിഷ്‌കളങ്കനാണെന്നും എംഎല്‍എ അവനെ ഇവിടെ വന്ന് കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞാന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പിടിച്ചതല്ലേ അവിടെ കുറച്ചു നേരം ഇരിക്കട്ടെ എന്നാണു ഞാന്‍ പറഞ്ഞത്.
പിന്നീട് സഹോദരന്‍ പോയി അവനെ ഇറക്കി കൊണ്ടുവന്നു. ഞാന്‍ മറ്റൊരു പരിപാടിയിലേക്ക് പോകുന്ന സമയത്താണ് ചാനലില്‍ വാര്‍ത്ത വരുന്നത്. അതില്‍ പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവുമായി പിടിയിലാണെന്നാണ് പറഞ്ഞത്. അവന്‍ അവരുടെ കൂടെ ഇരുന്നതേ ഉള്ളൂ. അവരെല്ലാം പാവം പിള്ളേരാണ്. 3 ഗ്രാം കഞ്ചാവ് ഇതില്‍ ഒരു കുട്ടിയുടെ കയ്യിലുണ്ടായിരുന്നു എന്നു പറയുന്നുണ്ട്. പിന്നെ അവര്‍ പുകവലിച്ചിട്ടുണ്ടായിരുന്നു എന്നാണ് പറയുന്നത്. പുകവലിച്ചതിന്റെ പേരില്‍ പെറ്റി കേസാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അതിനെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.
https://www.facebook.com/Malayalivartha