പിടിക്കാനുണ്ടായിരുന്നത് റിബണ്‍... ഉമ തോമസ് എംഎല്‍എയ്ക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു; സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച
വളരെ ആവേശത്തോടെ ആരംഭിച്ച നൃത്ത പരിപാടി പെട്ടന്ന് മാറിമറിഞ്ഞു. ഉമ തോമസ് എംഎല്‍എയ്ക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്രപരിചണ വിഭാഗത്തില്‍ തുടരുന്നു. റിനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎല്‍എയ്ക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎല്‍എ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് കഴിഞ്ഞ രാത്രിയില്‍ ഡോക്ടര്‍മാര്‍ അറിയിച്ചത്.
മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിനെ തുടര്‍ന്നാണ് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ പത്തരയോടെ ഇറക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ 15 അടി ഉയരത്തിലുള്ള ഗാലറിയിലെ വേദിയില്‍നിന്നു വീണാണ് ഉമ തോമസ് എംഎല്‍എക്കു ഗുരുതര പരുക്കേറ്റത്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. തലച്ചോറിനും നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞു തറച്ചതിനെത്തുടര്‍ന്നു ശ്വാസകോശത്തിലും മുറിവുണ്ട്. മുഖത്തെ അസ്ഥികളും പൊട്ടി. ആശുപത്രിയിലെത്തിക്കുമ്പോള്‍ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെങ്കിലും വൈകാതെ നിയന്ത്രിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം രാത്രി കൊച്ചിയിലെത്തി. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
മന്ത്രിയടക്കം പങ്കെടുത്ത പരിപാടിയിലുണ്ടായതു ഗുരുതര സുരക്ഷാവീഴ്ചയാണ്. വിഐപി ഗാലറിയിലെ 13 വരി കസേരകള്‍ക്കു മുകളില്‍ രണ്ടു തട്ടുകളിലായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക വേദിയിലാണു പരിപാടി നടന്നത്. ഗാലറിയുടെ ഇരുമ്പു കൈവരിക്കും മുകളിലായാണു വേദി നിര്‍മിച്ചിരുന്നത്. വേദിയുടെ മുന്നില്‍ കൈവരിക്കു പകരം 'ക്യൂ മാനേജര്‍' (എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനം) മാത്രമാണുണ്ടായിരുന്നത്. മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്തശേഷം ഉമ തോമസ് മുന്നോട്ടു നടക്കുന്നതിനിടെ ക്യൂ മാനേജറിന്റെ കുറ്റിയില്‍ പിടിക്കുകയായിരുന്നു. നിലതെറ്റി മൂന്നു കുറ്റികളും നാടയുമുള്‍പ്പെടെ താഴേക്കു പതിച്ചു. താഴെ ഗ്രൗണ്ടിലേക്കു കടക്കാനുള്ള പ്രവേശനദ്വാരത്തില്‍ പാകിയിരുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ തലയടിച്ചാണു വീണത്. അപ്പോള്‍ തന്നെ ബോധം മറഞ്ഞു. എംഎല്‍എയെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha