യുവ സിനിമ ഫോട്ടോഗ്രാഫര്‍ കെ.ആര്.കൃഷ്ണ അന്തരിച്ചു
യുവ സിനിമ ഫോട്ടോഗ്രാഫര്‍ കെ.ആര്. കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ അസുഖബാധിതയായതിനെ തുടര്‍ന്നു ശ്രീനഗറില്‍ വച്ചായിരുന്നു മരണം. പെരുമ്പാവൂര്‍ സ്വദേശിയാണു. പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പ്രം വീട്ടില്‍ രാജന്റെയും ഗിരിജയുടെയും മകളാണ്. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ഛായാഗ്രാഹക സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്.
പ്രശസ്ത സംവിധായകന് ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ 'ഹിറ്റ്' സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വര്‍ഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു കൃഷ്ണ. രാജസ്ഥാന്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണു കൃഷ്ണ അസുഖബാധിതയാകുന്നത്.
അസുഖബാധയെ തുടര്‍ന്ന് ഈ മാസം 23നാണു കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ ആരോഗ്യം വീണ്ടെടുക്കുകയും വീട്ടുകാരോട് അടക്കം സംസാരിക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരന് ഉണ്ണി ശ്രീനഗറിലെത്തിയിരുന്നു. ഇന്നു വാര്‍ഡിലേക്ക് മാറ്റാനിരിക്കെ പെട്ടന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിക്കുകയായിരുന്നു എന്നാണ് വിവരം.
സാനു വര്‍ഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കര്‍ സംവിധാനവും നിര്‍വഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസില്‍ ജോസഫ് ചിത്രം 'പൊന്മാനി'ലാണ് ഒടുവില്‍ മലയാളത്തില്‍ പ്രവര്‍ത്തിച്ചത്. കോവിഡിനു മുമ്പ് ദുബായിലും സ്വതന്ത്ര ഛായാഗ്രാഹകയായി പ്രവര്‍ത്തിച്ചിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. കൃഷ്ണയുടെ മൃതദേഹം നാളെ വൈകിട്ട് കൊച്ചിയില്‍ എത്തിക്കും. ജനുവരി ഒന്നിനു സംസ്കാരം. സഹോദരങ്ങള്‍: ഉണ്ണി, കണ്ണന്.
https://www.facebook.com/Malayalivartha