നടന്നത് കോടികളുടെ കളി... ഉമ തോമസ് വീണപ്പോഴും ഗിന്നസ് നേടിയ ശേഷം മാത്രമാണ് പരിപാടി നിര്‍ത്തിയത്; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല, അപകടനില തുടരുന്നു, മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്
കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ ഞെട്ടല്‍ ഇതുവരേയും മാറിയിട്ടില്ല. ഉമ തോമസ് വീണപ്പോഴും ഗിന്നസ് നേടിയ ശേഷം മാത്രമാണ് പരിപാടി നിര്‍ത്തിയത്. അതേസമയം കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടര്‍ സാഹചര്യം തീരുമാനിക്കും. വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങള്‍ സുഖം പ്രാപിക്കുന്ന മുറയ്‌ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാല്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
അതേസമയം കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പൊലീസ്. സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃദംഗ വിഷന്‍ സിഇഒയും എംഡിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. വയനാട് മൃദംഗവിഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
അതേസമയം, പരിപാടിയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്റെ ഗണ്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎല്‍എയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികള്‍ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഉമ തോമസിന് പരുക്ക് പറ്റിയ നൃത്തപരിപാടിയുടെ സംഘാടനത്തിലെ പിഴവിന് പുറമേ ഗിന്നസ് റെക്കാര്‍ഡിന്റെ പേരില്‍ നടന്ന പണപ്പിരിവ് കൂടിയാണ് പുറത്തുവരുന്നത്. 12000 നര്‍ത്തകരില്‍ നിന്നായി മൂന്നുകോടിയോളം രൂപയാണ് സംഘാടകരായ മൃദംഗ വിഷന്‍ പിരിച്ചെടുത്തത്. എല്ലാവര്‍ക്കും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇതെല്ലാം. മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിനെതിരെ കൂടുതല്‍ ആരോപണമാണ് ഇതോടെ ഉയരുന്നത്. ഉമ തോമസിനുണ്ടായ അപകടത്തിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.
വയനാട് മേപ്പാടിയില്‍ ആണ് മൃദംഗ വിഷന്റെ പ്രധാന ഓഫീസ് ഉള്ളത്. അരപ്പറ്റ സ്വദേശിയായ നിഗോഷ് രണ്ടു വര്‍ഷത്തോളമായി ജ്യോതിസ് കോംപ്ലക്‌സില്‍ മൃദംഗ വിഷന്‍ ഓഫീസ് നടത്തുന്നുണ്ട്. ചെറിയ ഒരു ഓഫീസ് മുറി മാത്രമാണ് മേപ്പാടിയിലുള്ളത്. പ്രീമിയം ആര്‍ട്ട് മാഗസിന്‍ ഇന്‍ മലയാളം എന്ന ടാഗ് ലൈനോടെയാണ് മൃദംഗ വിഷന്റെ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷന്‍. വളരെ അപൂര്‍വമായിട്ടാണ് ഈ ഓഫീസ് തുറക്കാറുള്ളുവെന്നാണ് കെട്ടിട ഉടമ അടക്കമുള്ളവര്‍ പറയുന്നത്.
കൃത്യമായ ക്രമീകരണം ഒരുക്കാതെയാണ് പരിപാടി നടത്തിയതെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ പങ്കെടുത്ത ഭരതനാട്യം അവതരണമാണ് കലൂരില്‍ നടന്നത്. ഗിന്നസ് ലോക റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് പങ്കെടുക്കുന്ന എല്ലാവര്‍ക്കും കിട്ടുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെന്നാണ് പങ്കെടുത്തവര്‍ പ്രതികരിച്ചത്. ലോക റിക്കാര്‍ഡെന്ന സംഘാടകരായ മൃദംഗ വിഷന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് വിദേശത്തുനിന്നടക്കം നര്‍ത്തകര്‍ എത്തിയത്. പങ്കെടുക്കാനെത്തിയ ഓരോരുത്തരില്‍ നിന്നും പണപ്പിരിവും നടത്തി. രണ്ടായിരം മുതല്‍ ആറായിരം വരെയാണ് ഓരോരുത്തരും മുടക്കിയത്. ഇതിനിടെ, സംഘാടനത്തിലെ പിഴവ് കണ്ടതോടെ പിന്‍വാങ്ങിയവരുമുണ്ട്.
നര്‍ത്തകരുമായി സംഘാടകര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. ഡാന്‍സ് സ്‌കൂളുകള്‍ വഴിയായിരുന്നു നര്‍ത്തകരെ എത്തിച്ചത്. പ്രമുഖ വസ്ത്രശാലയുടെ പുടവയടക്കം നര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയടക്കം പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും പറഞ്ഞിരുന്നതായി നര്‍ത്തകര്‍ പറയുന്നു. ടിക്കറ്റുവെച്ചാണ് കാണികളെ കയറ്റിയത്. അതേസമയം, ഉമാ തോമസിനുണ്ടായ അപകടമൊഴിച്ചാല്‍ സംഘാടനം മികച്ചതായിരുന്നെന്നും പണപ്പിരിവിനെപ്പറ്റി അറിയില്ലെന്നുമാണ് പരിപാടിയുമായി സഹകരിച്ച നടന്‍ സിജോയ് വര്‍ഗീസ് പ്രതികരിച്ചത്. സംഘാടകരായ മൃദംഗവിഷനെ ബ്രാന്റിങില്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും നടന്‍ സിജോയ് വര്‍ഗീസ് പറഞ്ഞു. പരിപാടിയുടെ സംഘാടകരായ കൂടുതല്‍ പേരെ അടുത്ത ദിവസം ചോദ്യം ചെയ്യും.
"
https://www.facebook.com/Malayalivartha