കൊടി സുനിക്ക് സൗകര്യപൂർവം പരോൾ നൽകാനുള്ള പിണറായിയുടെ നീക്കത്തിന് തിരിച്ചടി വരുന്നു...പരോൾ നൽകിയത് വരും മണിക്കൂറുകളിൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടും...
കൊടി സുനിക്ക് സൗകര്യപൂർവം പരോൾ നൽകാനുള്ള പിണറായിയുടെ നീക്കത്തിന് തിരിച്ചടി വരുന്നു. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ മറവിൽ മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിക്ക് ജാമ്യം നൽകിയത്. പരോൾ നൽകിയത് വരും മണിക്കൂറുകളിൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടും. പരോൾ നൽകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ പരോൾ നൽകുന്നത് പരിഗണിക്കാൻ ശുപാർശ നൽകിയത്.
കേരളത്തില്‍ സി പി എമ്മിനെ അടിമുടി ഉലച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 10 പ്രതികൾക്ക് ഒരുമിച്ച് പരോള്‍ അനുവദിച്ചത് കഴിഞ്ഞ ലോക സഭാ തിരഞ്ഞടുപ്പ് സമയത്താണ്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്ന പതിനൊന്ന് പേരില്‍ 10 കുറ്റവാളികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജയില്‍ ഉപദേശക സമിതി ഇവരുടെ അപേക്ഷ മാര്‍ച്ചില്‍ അംഗീകരിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുറത്തിറങ്ങാനായില്ല. പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെയാണ് പരോളില്‍ ഇറങ്ങിയത്. വിവാദമായതോടെ ഇത് റദ്ദാക്കി. കൊടി സുനി, എം സി അനൂപ് തുടങ്ങിയവര്‍ക്ക് അന്ന് പരോൾ നൽകിയില്ല.
അതിന് പരിഹാരം കാണുകയാണ് ഇപ്പോൾ സർക്കാർ.ഇവര്‍ക്ക് ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയുണ്ടെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചപ്പോൾ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയില്‍ വകുപ്പ് വിശദീകരിച്ചത്. ജയില്‍ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷ അംഗീകരിച്ചതെന്ന് ജയില്‍ വകുപ്പ് വെളിപ്പെടുത്തി. കുറ്റവാളികള്‍ക്ക് വര്‍ഷം 60 ദിവസം പരോളിന് അര്‍ഹതയുണ്ട്. നൂറോളം തടവുകാര്‍ക്ക് ഇവര്‍ക്കൊപ്പം പരോള്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.തവനൂർ ജയിലിൽ കഴിയുന്ന കൊടി സുനി ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ പ്രതിയായതു കൊണ്ടാണ് ജാമ്യം നിഷേധിച്ചത്. അതുകൊണ്ടാണ് കൊടി സുനിക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചത് .
പ്രതികളായ 11 പേർക്ക് 6 മാസത്തോളം പരോൾ ലഭിച്ചിട്ടുണ്ടെന്ന് 2022 ൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇടത് സര്‍ക്കാര്‍ വന്ന ശേഷം ടിപി കേസിലെ കുറ്റവാളികള്‍ക്ക് ഉദാരമായി പരോള്‍ നല്‍കുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു.കേസിലെ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയുണ്ടായി. രണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയിരുന്നു. രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.12 പ്രതികളാണു ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയത്. അതേസമയം, പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷനും അപ്പീൽ നൽകിയിരുന്നു.
സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ. രമയുടെ അപ്പീൽ. പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവച്ചു. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷയാണ് ശരിവച്ചത്. 2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽ നിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്.ഷാഫിയെയും കൊടി സുനിയെയും ഉൾപ്പെടെയുള്ളവരെ സി പി എമ്മാണ് രക്ഷിക്കുന്നത്. .
അവരുടെ ശരീരത്തിൽ ഒരു തരി മണ്ണു പോലും വീഴരുതെന്ന നിർദ്ദേശം പാർട്ടി നേതൃത്വം നൽകി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ആഭ്യന്തരവകുപ്പിൽ വിശ്വസ്തരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കാരണം കൊടി സുനി പാർട്ടിക്ക് എതിരായാൽ മന്ത്രിസഭ താഴെ പോകും. കൊടി സുനിയുടെ മറ്റൊരു ഇടപാട് സ്വർണ്ണ കടത്താണ്. രാമനാട്ടുകരയിൽ ഉൾപ്പെടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയും കൊടി സുനിയും ചേർന്നാണെന്ന് സി പി എമ്മിന് അറിയാം. ഇയാൾ കൊടി സുനിയുടെ ഏറ്റവും അടുത്ത ആളാണ്. ഇത് സംബന്ധിച്ച് ആരോപണം ഉയർന്നിട്ടും സർക്കാർ പരിശോധിച്ചില്ല.. ആരോപണങ്ങൾ പരിശോധിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ ഇപ്പോഴുള്ളത്.
ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങൾ ദൃശ്യമാധ്യമങ്ങൾ തുടരെ തുടരെ പുറത്തുവിട്ടിരുന്നു. ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്തു.എന്നിട്ടും ഷാഫി പരോൾ വ്യവസ്ഥകൾ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിച്ചില്ല . കസ്റ്റംസ് പ്രതി ചേർത്തിട്ടില്ല എന്നായിരുന്നു സർക്കാർ വാദം.പ്രതി ചേർക്കുമ്പോൾ നോക്കാമെന്നാണ് പൊലീസ് പറഞ്ഞത് .. പരോളിലിറങ്ങിയ കുറ്റവാളി നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് പൊലീസാണെന്ന് ജയിൽ വകുപ്പ് പറഞ്ഞു. കാരണം അവർക്ക് അതിനുള്ള സംവിധാനം ഇല്ല.ടിപി വധക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന മുഹമ്മദ് ഷാഫിയും കിർമാണി മനോജുമടക്കം ആറ് പ്രതികൾ പരോളിലുണ്ടായിരുന്ന കാലത്താണ് സ്വർണ്ണം കടത്തിയത്..
പരോളിലിറങ്ങി ഇവർ ചെയ്യുന്നത് സ്വർണക്കടത്ത് ക്വട്ടേഷനെന്ന് ആരോപണമുയരുമ്പോൾ ആരോപണം എന്ന് പറഞ്ഞ് സർക്കാർ തള്ളി. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന തടവുകാർ പൊലീസിന്‍റെ കർശന നിരീക്ഷണത്തിലായിരിക്കും എന്നാണ് നിയമം. ബോണ്ട് വ്യവസ്ഥ ലംഘിച്ചാൽ ഉടൻ പരോൾ റദ്ദ് ചെയ്ത് തിരികെ ജയിലിൽ അടയ്ക്കണമെന്നാണ് പ്രിസൺസ് ആന്‍റ് കറക്ഷൻ മാനേജ്മെന്‍റ് ആക്ട് 2010-ൽ പറയുന്നത്. എന്നാൽ ആക്റ്റും ചട്ടവുമൊന്നും സുനിക്കും ഷാഫിക്കും ബാധകമല്ലെന്നാണ് പോലീസിൻറെ നിലപാട്.മുഹമ്മദ് ഷാഫി പരോളിൽ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ നടത്തുകയാണെന്ന് കസ്റ്റംസിന്‍റെ പിടിയിലുള്ള ക്യാരിയർ മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്. ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നിട്ടും പോലീസ് ഇതൊന്നും അറിഞ്ഞില്ല.
പരോളിലിറങ്ങി മറ്റൊരു കുറ്റകൃത്യത്തിന് കൂട്ടു നിൽക്കുകയോ ഗൂഢാലോചന നടത്തുകയോ പങ്കെടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്. പരോൾ റദ്ദാക്കി, പരോൾ ചട്ടങ്ങൾ ലംഘിച്ചതിന് പുതിയ കേസെടുക്കേണ്ടതാണ്. ഇതൊന്നും നടക്കാത്തത് ഉന്നതരുടെ സഹായം ഉള്ളത് കൊണ്ടാണ്.''എയർപോർട്ടിൽ ഞങ്ങളുടെ സംഘം എത്തും. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ കൂടെയുണ്ടാകും. സ്വർണ്ണം നഷ്ടപ്പെട്ടവർ അന്വേഷിച്ചു വന്നാൽ ഷാഫിക്കയെക്കൊണ്ടോ സുനിയേട്ടനെക്കൊണ്ടോ വിളിപ്പിക്കും'' ഇതാണ് ഒരു ക്വട്ടേഷൻകാരൻറെ ഫോൺ സന്ദേശം. ഇതിലെ സുനിയേട്ടൻ കൊടി സുനിയാണ്. കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണം ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷൻ സംഘാംഗങ്ങളായ കൊടി സുനിയിലേക്കും ഷാഫിയിലേക്കും നീങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല.
അന്വേഷണം കൊടി സുനിയിലേക്കും ഷാഫിയിലേക്കും ഒതുക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തിയത്. അതു വഴി കണ്ണൂരിലെ സി. പി. എം. നേതാക്കളിലേക്ക് അന്വേഷണത്തിൻറെ ദിശ തിരിക്കുമോ എന്ന സംശയമാണ് പാർട്ടിക്കുള്ളത്.സ്വർണ്ണകടത്ത് അന്വേഷണത്തിന്റെ ഭാഗമായി ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വീട്ടിൽ പരിശോധനയും തെളിവെടുപ്പും നടത്തിയതോടെയാണ് സിപിഎം പ്രതിസന്ധിയിലായത്. കടത്തുസ്വർണ്ണം കവർച്ച ചെയ്യുന്നതിന്റെ ആസൂത്രണം സുനിയും ഷാഫിയുമാണെന്ന അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്. ഷാഫിയുടെ വീട്ടിൽ നിന്നും ചില നിർണായക രേഖകൾ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇതോടൊപ്പം ലാപ്ടോപ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു.
ഷാഫിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൻറെ വിവരം ചോർന്നതാണ് കൊടി സുനിയുടെ വീട് അടച്ചിടാൻ കാരണം..കടത്ത് സ്വർണ്ണം കവർച്ച ചെയ്യുന്നതിന്റെ മുഖ്യ സൂത്രധാരൻ ഷാഫിയും കൊടിസുനിയുമാണെന്ന് അർജ്ജുൻ മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് കസ്റ്റംസ് നടത്തിയത്. ക്യാരിയർമാർക്ക് സുരക്ഷ നൽകുന്നതും സ്വർണ്ണം നഷ്ടപ്പെട്ടയാൾ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ ഭീഷണിപ്പെടുത്തുന്നതും കൊടി സുനിയും ഷാഫിയുമാണെന്നുള്ള ശബദ സന്ദേശവും പുറത്തുവരുന്നിരുന്നു. അർജ്ജുന്റെ ഫോണിലെ കോൾ റെക്കോർഡുകളും ഓഡിയോ സന്ദേശങ്ങളും വാട്സപ്പ് ചാറ്റ് ഹിസ്റ്ററിയും വീണ്ടെടുത്ത് തുടർ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. സ്വര്‍ണ്ണ കവര്‍ച്ചാകേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന. കടത്ത് സ്വർണ്ണം കവരാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അർജുൻ ആയങ്കിയുടെ മൊഴി.
ഒളിവിൽ പോകാൻ ഇവരുടെ സഹായവും കിട്ടി. ലാഭവിഹിതം പകരമായി നൽകി. കരിപ്പൂർ സ്വർണക്കടത്തിൽ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവർ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അർജുന്‍ ആയങ്കിയേയും നിയന്ത്രിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ സംഘങ്ങളുമായി സെൽഫി എടുത്ത ബന്ധം മാത്രമേ ഉള്ളു എന്നായിരുന്നു ഷാഫി പറഞ്ഞത്. ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടില്ല എന്നും ഷാഫി പറഞ്ഞിരുന്നു. ടി പി കേസിലെ പ്രതികളെ സഹായിക്കുന്നത് കണ്ണൂരിലെ സി പി എം നേതാക്കളാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കൊടി സുനിയും ഷാഫിയും മറ്റേതെങ്കിലും പ്രമുഖ നേതാവിൻറെ പേരു പറഞ്ഞാൽ സി പി.എം. പ്രതിസന്ധിയിലാവും.
അതായത് കണ്ണൂരിലെ സി പി.എം നേതാക്കളുടെ ഭാവി കൊടിയുടെ സുനിയുടെയും ഷാഫിയുടെയും നാവിലാണിരിക്കുന്നതെന്ന് ചുരുക്കംരാമനാട്ടുകരയിൽ അഞ്ചു സ്വർണ്ണ കടത്തുകാർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റ്റി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതി കൊടി സുനിക്ക് ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. കണ്ണൂരിൽ നിന്നുള്ള അർജുൻ രാമനാട്ടുകര ക്വട്ടേഷനിൽ അകപ്പെട്ടതോടെയാണ് പോലീസിന് ഇങ്ങനെയൊരു സംശയം തോന്നി തുടങ്ങിയത്. കൊടി സുനിയുടെ വിശ്വസ്തനാണ് അർജുൻ.. ഭയാനകമായ വിവരങ്ങളാണ് പുറത്തു വന്നത്. ജയിലിൽ കിടന്നു കൊടി സുനി സ്വർണ്ണ ക്വട്ടേഷൻ ആസൂത്രണം ചെയ്ത വിവരങ്ങളാണ് മാതൃഭൂമി ദിനപത്രം പുറത്തു വിട്ടത്.
2016 ജൂലായിൽ നല്ലളം മോഡേൺ ബസാറിൽ മൂന്നു കിലോഗ്രം സ്വർണം കവർന്ന കേസ് മുതൽ പ്രതികൾക്ക് രാഷ്ട്രീയ ബന്ധം ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.. വിയ്യൂർ ജയിലിൽ തടവിൽ കഴിയുമ്പോഴാണ് സ്വർണക്കടത്തുകാരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തുവെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിലായിരുന്നു. കൊടിസുനിയെ ജയിലിലെത്തി പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രതിചേർക്കാൻ കഴിഞ്ഞില്ല. 2016 ൽ നടത്തിയ കവർച്ചക്ക് പിന്നാലെ കൊടി സുനിക്ക് ചാകരയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്.
തലശേരിക്ക് സമീപമുള്ള ചൊക്ലിസ്വദേശിയുടെ പേരിലെടുത്ത സിംകാർഡ് ഉപയോഗിച്ചാണ് ജയിലിൽ നിന്ന് കൊടി സുനി പലരെയും വിളിക്കുന്നുണ്ടെന്ന് പോലീസ് അറിഞ്ഞത്. അന്നത്തെ ജയിൽ എ.ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയെങ്കിലും അതിൽ റെയ്ഡിനുപോലും തയാറായില്ല. കോഴിക്കോട്ട് ചുമതലയേറ്റ ഒരു ഡെപ്യൂട്ടി കമ്മിഷണർ പിന്നീട് ഫോൺവിളിയെ കുറിച്ച് പുനരന്വേഷണത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. നല്ലളത്ത് കവർച്ച നടത്തിയ ദിവസംതന്നെ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ കണ്ണൂരുകാരന്റെ സ്വർണവും തട്ടിയെടുക്കാൻ ആസൂത്രണം നടത്തിയിരുന്നു. പക്ഷേ, പാളിപ്പോയി. അതായത് കണ്ണൂരുകാരാണ് സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്യുന്നതെന്ന് ചുരുക്കം. തിരുനെല്ലിയിൽ അഞ്ചുകോടിരൂപ തട്ടിയെടുക്കാനും ജയിലിൽ കൊടി സുനി ആസൂത്രണം നടത്തിയെന്നാണ് റിപ്പോർട്ട് . കർണാടകയിൽനിന്ന് സ്വർണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തിൽനിന്ന് തട്ടിയെടുത്ത അഞ്ചുകോടി രൂപയിൽ പത്തുലക്ഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ സഹതടവുകാരന് വീട് നിർമിക്കാൻ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു.
ഇതിലൊന്നും സർക്കാരിന് യാതൊരു പരാതിയുമില്ലെന്നതാണ് ആശ്ചര്യകരം.ക്വട്ടേഷൻ സംഘം കവർച്ച ചെയ്യുന്ന സ്വർണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് സുനിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല രാജേഷ് ഖന്നയ്ക്ക് വേണ്ടി കണ്ണൂരിൽനിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയറായ അഭിഭാഷകരാണ് ഒട്ടേറെ കേസുകളിൽ കോടതിയിൽ ഹാജരായത്. ഇത് കൊടി സുനി ഏർപ്പാടുചെയ്തുകൊടുത്തതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.ഈ അഭിഭാഷകനുമായും സി പി എമ്മിന് ബന്ധമുണ്ട്. രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽമരിച്ച സ്വർണക്കടത്തിലും കണ്ണൂരിൽനിന്നുള്ള അർജുന്റെ സാന്നിധ്യം ക്വട്ടേഷൻ സംഘങ്ങളിലേക്കുള്ള സൂചനയാണ്. അർജുന്റെ കൂടെ ഷഹിൻ എന്നൊരാളും കൂടെ വിമാനത്താവളത്തിലെത്തിയിരുന്നെന്നായിരുന്നു വിവരം.
അയാൾക്കും കൊടി സുനിയുമായി ബന്ധമുണ്ട്. ഇങ്ങനെയുള്ളവരെയൊക്കെയാണ് പിണ റായി ജാമ്യംനൽകി പുറത്തിറക്കിയത്. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തിട്ടും അന്വേഷണം ഇഴഞ്ഞു. വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് അന്നത്തെ ഡി. ജി. പി. ഋഷിരാജ് സിംഗ് താളം ചവിട്ടുന്നതായി നാട്ടുകാർക്ക് ബോധ്യപെട്ടത്. ടി.പി. വധക്കേസ് കുറ്റവാളികളായ മുഹമ്മദ് ഷാഫിയില്‍ നിന്നും കൊടി സുനിയില്‍ നിന്നും മൂന്നു ഫോണുകളാണ് കണ്ടെടുത്തത്. ഇത് ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചു, ആരില്‍നിന്നു കോളുകള്‍ വന്നു എന്നീ കാര്യങ്ങളില്‍ കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. തൃശൂരില്‍ നിന്നു മൊബൈല്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടു കൊടി സുനി, മുഹമ്മദ് ഷാഫി, വാസു, മാര്‍ട്ടിന്‍ എന്നിവരെ പൂജപ്പുര ജയിലിലേക്കു മാറ്റിയിരുന്നു. ഒടുവിൽ തവനൂർ ജയിലിലായിരുന്നു സുനി കഴിഞ്ഞിരുന്നത്. ഹൈക്കോടതി പരോൾ നൽകരുതെന്ന് പറഞ്ഞയാൾക്കാണ് പിണറായി പരോൾ അനുവദിച്ചത്.
https://www.facebook.com/Malayalivartha