സ്റ്റേജില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതി
നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതി.ആരോഗ്യനിലയില്‍ പുരോഗതി എന്ന എം എല്‍ എയുടെ പേജിലെ ഫേസ്ബുക്ക് പോസ്റ്റ് പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതായിരുന്നു.
എംഎല്‍എയുടെ അഡ്മിന്‍ ടീമംഗങ്ങളാണ് പോസ്റ്റ് ഇട്ടത്. ശരീരം മുഴുവന്‍ ചലിപ്പിച്ചുവെന്നും പ്രാര്‍ത്ഥനകള്‍ തുടരണമെന്നുമായിരുന്നു പോസ്റ്റ്. പുതുവര്‍ഷത്തില്‍ ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തികച്ചും ശുഭകരമായ വാര്‍ത്തകളാണ് രാവിലെ മുതല്‍ പുറത്തുവന്നത്.
ഉമ തോമസിന്റെ തലയിലെ മുറിവ് ഭേദപ്പെട്ട് വരുന്നുണ്ടെന്നും ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.'ഉമ തോമസ് നേര്‍ത്ത ശബ്ദത്തോടെ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു. വേദനയുണ്ടെന്നും പറഞ്ഞു. വീഴ്ചയുടെ കാര്യം ഓര്‍മ്മയില്ല. സ്വന്തമായി ശ്വാസം എടുക്കുന്നുണ്ട്.
കൈ കാലുകള്‍ അനക്കുന്നുണ്ട്. ഒന്നു രണ്ടു ദിവസം കൂടി വെന്റിലേറ്റര്‍ തുടരും. വെന്റിലേറ്റില്‍നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ.' മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
പുറത്തു വരുന്ന സൂചനകള്‍ എല്ലാം പോസിറ്റീവാണെന്നും അപകടമുണ്ടാക്കിയ വീഴ്ചയുടെ കാര്യം ഉമ തോമസിന് ഓര്‍മ്മയില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കുന്നത്. തലയിലെ പരുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിയിട്ടുണ്ട്. ഇടവിട്ടാണ് ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായം നല്‍കുന്നത്. തലച്ചോറിന്റെ പരുക്കിനെ കുറിച്ച് ആശങ്കപ്പെടാനില്ലെന്നും ശ്വാസകോശത്തിന്റെ ആരോഗ്യനില വീണ്ടെടുക്കുന്നതിനാണു മുന്‍ഗണനയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha