മുണ്ടൈക്കെ ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്കായി പുനരധിവാസ പദ്ധതികള്‍ക്ക് അംഗീകാരം: ഊരാളുങ്കല്‍ സൊസൈറ്റിക്കാണു പുനരധിവാസത്തിന്റെ നിര്‍മാണച്ചുമതല; 750 കോടി മുടക്കിയാണ് നിര്‍മാണം; കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം
വയനാട് മുണ്ടൈക്കെ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാന്‍ ധാരണയായി. 750 കോടി മുടക്കിയാണ് നിര്‍മാണം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുനരധിവാസ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകളാണ് നിര്‍മിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അറിയിച്ചു.
വീടുകള്‍ നിര്‍മിക്കാനും മറ്റു നിര്‍മാണ സാമഗ്രികള്‍ നല്‍കാനും വീട്ടുപകരണങ്ങള്‍ നല്‍കാനും സ്പോണ്‍സര്‍മാര്‍ എത്തിയിട്ടുണ്ടെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചത്. പുനരധിവാസമാതൃകയുടെ ദൃശ്യാവിഷ്‌കാരവും പ്രദര്‍ശിപ്പിച്ചു.
ഊരാളുങ്കല്‍ സൊസൈറ്റിക്കാണു പുനരധിവാസത്തിന്റെ നിര്‍മാണച്ചുമതല.കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം. കല്‍പ്പറ്റയില്‍ ടൗണിനോടു ചേര്‍ന്നു കിടക്കുന്ന ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മാണമാകും നടത്തുകയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദേശീയപാതയ്ക്കു സമീപത്തായതിനാല്‍ വാണിജ്യനിര്‍മാണങ്ങളും ഉണ്ടാകും.
നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുകൂലമായ രീതിയിലുള്ള നിര്‍മാണമാകും നടത്തുക. ഇവിടെ പത്തു സെന്റില്‍ 1000 ചതുരശ്രഅടി വീടുകള്‍ ആണ് നിര്‍മിക്കുക. രണ്ടുനില കെട്ടുന്നതിനുള്ള അടിത്തറയാവും നിര്‍മിക്കുക എന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കല്‍പ്പറ്റയില്‍ ക്ലസ്റ്റര്‍ മാതൃകയിലാണു വീടുകള്‍ നിര്‍മിക്കുന്നത്. ഇതിനിടയില്‍ കളി സ്ഥലവും പാര്‍ക്കിങ് ഏരിയയും സജ്ജീകരിക്കും. കല്‍പ്പറ്റയില്‍ കൂടുതല്‍ വീടുകളും നെടുമ്പാലയില്‍ ഭൂമിയുടെ കിടപ്പനുസരിച്ചു കുറച്ചുവീടുകളുമാണ് നിര്‍മിക്കുന്നത്. രണ്ടിടത്തും നിലവില്‍ താമസിക്കുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
https://www.facebook.com/Malayalivartha