കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി: സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ച് പോലീസ്; കുട്ടികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു
കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കിതരേയാണ് കേസ്. സംഭവത്തില്‍ വിശ്വാസ വഞ്ചനയ്ക്ക് പോലീസ് കേസെടുത്തിട്ടുമുണ്ട്. മൃദംഗവിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേയാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
അതേസമയം സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ത്തേക്കും. നൃത്താധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരേ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.
പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴി ഇന്നലെയെടുത്തിരുന്നു. എറണാകുളം അസി.കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ വന്‍ രജിസ്‌ട്രേഷന്‍ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളില്‍ നിന്ന് 1400 മുതല്‍ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകര്‍ക്ക് എതിരെയുളള ആരോപണം. കുട്ടികളില്‍ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വന്‍ തുക സംഘാടകര്‍ പിരിച്ചുവെന്നും നൃത്ത അധ്യാപകര്‍ പറഞ്ഞിരുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകര്‍ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha