ബസ് നിയന്ത്രണം വിട്ട് അഞ്ചുവയസ്സുകാരി മരിച്ച സംഭവം: അപകടത്തിനു കാരണം വാഹനത്തിനു നിയന്ത്രണം നഷ്ടമായതെന്നു സൂചന
കണ്ണൂര്‍ വളക്കൈയില്‍ അഞ്ചുവയസ്സുകാരി മരിച്ച സ്കൂള്‍ ബസ് അപകടത്തിനു കാരണം വാഹനത്തിനു നിയന്ത്രണം നഷ്ടമായതെന്നു സൂചന. കുറുമാത്തൂര്‍ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. 18 വിദ്യാര്‍ഥികളും ഡ്രൈവറും ആയയുമാണ് ബസിലുണ്ടായിരുന്നത്. സ്കൂള്‍ വിട്ട് കുട്ടികളുമായി വരികയായിരുന്നു ബസ്.
കിരാത്ത് എന്ന സ്ഥലത്ത് കുട്ടികളെ ഇറക്കിയശേഷം വളക്കൈയിലേക്ക് പോകവേ വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിലായിരുന്നു അപകടം. ഇറക്കത്തില്‍വച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിച്ചശേഷം തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലേക്ക് മറിയുകയായിരുന്നു. ഒന്നിലധികം തവണ ബസ് മലക്കംമറിഞ്ഞു.
വളവും ചെറിയ ഇറക്കവുള്ള റോഡില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ റോഡിന്റെ നിര്‍മാണം അശാസ്ത്രീയമായാണെന്നും അപകടങ്ങളുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ബസിന്റെ മുന്സീറ്റിലിരുന്നയാളാണ് മരിച്ച അഞ്ചാംക്ലാസുകാരി നേദ്യ. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് ബസ് പൊക്കി നേദ്യയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha