വേല വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ 2നകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
വേല വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ജനുവരി 2നകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ഫയര്‍ ഡിസ്‌പ്ലേ അസിസ്റ്റന്റ് അല്ലെങ്കില്‍ ഫയര്‍ ഡിസ്‌പ്ലേ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറും അനുമതി നല്‍കുന്ന കാര്യത്തില്‍ തൃശൂര്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ടുമാണ് 2നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
വെടിക്കെട്ട് നടത്തുമ്പോള്‍ വെടിക്കെട്ടു പുരയില്‍ സ്‌ഫോടക സാമഗ്രികള്‍ സൂക്ഷിക്കില്ലെന്ന് ദേവസ്വങ്ങള്‍ നല്‍കിയ ഉറപ്പും പരിഗണിച്ചു വേണം തീരുമാനമെടുക്കാനെന്ന് ജസ്റ്റിസ് പി.എം.മനോജ് നിര്‍ദേശം നല്‍കി. ജനുവരി 3ന് പാറമേക്കാവിന്റെയും 5ന് തിരുവമ്പാടിയുടെയും വേല നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അതിനു മുന്‍പ് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ സ്‌ഫോടകവസ്തു ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ അകലം വേണം. തൃശൂരില്‍ വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനവും വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലവുമായി 81 മീറ്റര്‍ അകലമേയുള്ളൂ. മാത്രമല്ല, ഭേദഗതി നിര്‍ദേശിക്കുന്ന തരത്തില്‍ ഫയര്‍ ഡിസ്‌പ്ലേ അസിസ്റ്റന്റ് അല്ലെങ്കില്‍ ഫയര്‍ ഡിസ്‌പ്ലേ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.
ഇരു ദേവസ്വങ്ങളും ഇതു ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു. പരമ്പരാഗതമായി നടത്തപ്പെടുന്നതാണ് വേല വെടിക്കെട്ട് എന്നും ഇതുവരെ അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. മറ്റു നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വാദിച്ച ദേവസ്വങ്ങള്‍ ഫയര്‍ ഡിസ്‌പ്ലേ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇരു ഭാഗത്തേയും വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചത്.
നിയമം ആയതിനാല്‍ ഇതു മറികടന്ന് ഒറ്റയടിക്ക് അനുമതി നല്‍കാന്‍ ഉത്തരവിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വിശ്വാസവും ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കുന്നു. വെടിക്കെട്ട് പുരയും റെയില്‍വേ, വീടുകള്‍ അടക്കമുള്ള മറ്റു സ്ഥലങ്ങളുമായുള്ള അകലമൊന്നും ഭേദഗതിയില്‍ മാറ്റിയിട്ടില്ല. മാത്രമല്ല, വെടിക്കെട്ട് നടക്കുമ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ വെടിക്കെട്ട് പുരയില്‍ നിന്ന് മാറ്റുമെന്ന് ദേവസ്വങ്ങള്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ട് വെടിക്കെട്ടു നടത്തുന്ന കാര്യത്തില്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് തീരുമാനമെടുക്കുകയും അത് ദേവസ്വങ്ങളെ അറിയിക്കുകയും വേണം. നടപടി ക്രമങ്ങള്‍ എഡിഎമ്മും രണ്ടിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha