സ്‌കൂള്‍ കലോത്സവം ബഹുജനസംഗമ മേളയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ജനുവരി 4 മുതല്‍ 8 വരെ നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ബഹുജന സംഗമ മേളയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുമായും വിവിധ സംഘടനകളുമായും ശിക്ഷക് സദനില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി കെ മുരളി എം എല്‍ എ അധ്യക്ഷത വഹിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ട ചെലവുകളും സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പടെയുള്ളവയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ചെക്കായി മാത്രം സ്വീകരിക്കണം. കമ്മിറ്റികള്‍ തമ്മിലുള്ള ഏകോപനം കൃത്യമാകണം. കമ്മിറ്റി കണ്‍വീനര്‍മാര്‍ക്ക് അവരുടെ മേഖലയില്‍ പരിപൂര്‍ണ്ണമായ ഉത്തരവാദിത്തമുണ്ടെന്നും എല്ലാ വിഷയങ്ങളിലും കണ്‍വീനര്‍മാര്‍ നേരിട്ട് ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പുവരുത്തണം. കലോത്സവം തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് എല്ലാ കമ്മിറ്റികളും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. എല്ലാ കമ്മിറ്റികളും സംഘടനകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മേളയുടെ സമാപന ദിവസം വരെ ഇത് തുടരണമെന്നും മന്ത്രി പറഞ്ഞു.
യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സ്വര്‍ണക്കപ്പിന് സ്വീകരണം നല്‍കണം. കലോത്സവ മത്സരാര്‍ഥികളുടെ യാത്രയ്ക്കായി മിതമായ നിരക്കില്‍ ഓട്ടോറിക്ഷ സേവനം ബന്ധപ്പെട്ട സംഘടനകള്‍ ഉറപ്പാക്കണം. കലോത്സവത്തിന് ഉചിതമായ പ്രചാരണം കൊടുക്കാനും മത്സരവേദികളില്‍ കാണികളുടെ സാന്നിധ്യം ഉറപ്പാക്കാനും സംഘടനകള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വിവിധ വേദികള്‍, രജിസ്ട്രേഷന്‍ കേന്ദ്രം, വാഹനപാര്‍ക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗൂഗിള്‍ സഹായത്തോടെ എത്തുന്നതിനായി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി തയ്യാറാക്കിയ ക്യൂ ആര്‍ കോഡുകള്‍ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി. ഓരോ വേദികള്‍ക്കും പ്രത്യേകം ക്യൂ ആര്‍ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കും.
മൊബൈല്‍ ഫോണിലൂടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലൊക്കേഷന്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ തന്നെ ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷനും മറ്റ് വിവരങ്ങങ്ങളും ലഭിക്കും. കലോത്സവത്തിനായി മറ്റു ജില്ലകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്യൂ ആര്‍ കോഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha