വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം... 750 കോടി ടെണ്ടറില്ലാതെ ! ഊരാളുങ്കലിന് വയനാട് പാക്കേജ് നല്‍കിയതെന്തിന്?
സി പി എം പോഷക സംഘടനയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് വയനാട് പുനരധിവാസത്തിന്റെ ചുമതല നല്‍കിയത് അഴിമതിക്ക് വേണ്ടിയാണെന്ന് ഇതിനകം ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സ്‌പോണ്‍സര്‍മാരില്‍ നിന്നും പണം സമാഹരിച്ച ശേഷം 2018 ലെ പ്രളയത്തില്‍ ഉള്‍പ്പെടെ ദുരിതം അനുഭവിച്ചവര്‍ക്ക് പുനരധിവാസം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചവര്‍ക്കാണ് വയനാട് പുനരധിവാസവും നല്‍കാന്‍ പോകുന്നതാണെന്നാണ് പ്രതിപക്ഷ ആക്ഷേപം.
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭയാണ് തീരുമാനിച്ചത്. നിയമ- ധന വകുപ്പുകളുടെ നിര്‍ദ്ദേശാനുസരണമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 750 കോടിയുടെ പദ്ധതി ഒരു ടെണ്ടറും കൂടാതെ ഊരാളുങ്കലിന് നല്‍കുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്.
കിഫ്‌കോണിനായിരിക്കും നിര്‍മ്മാണ മേല്‍നോട്ടം. കിഫ്‌കോണ്‍ എന്നാല്‍ കിഫ്ബിയുടെ ഉടമസ്ഥതതയിലുള്ള സംഘടനയാണ്. ഇതിന്റെ സാരഥി മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമാണ്.
2 ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകളാണ് നിര്‍മിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാന്‍ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാല്‍ പിന്നെ സമയബന്ധിതമായി തീര്‍ക്കാന്‍ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടന്‍ തുടങ്ങും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്റെയും രാഹുല്‍ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് , ഡിവൈഎഫ്‌ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതല്‍ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അറിയിച്ചു. പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചത്. പുനരധിവാസമാതൃകയുടെ ദൃശ്യാവിഷ്‌കാരവും പ്രദര്‍ശിപ്പിച്ചു.
കല്‍പ്പറ്റയില്‍ ടൗണിനോടു ചേര്‍ന്നു കിടക്കുന്ന ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മാണമാകും നടത്തുകയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദേശീയപാതയ്ക്കു സമീപത്തായതിനാല്‍ വാണിജ്യനിര്‍മാണങ്ങളും ഉണ്ടാകും. നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുകൂലമായ രീതിയിലുള്ള നിര്‍മാണമാകും നടത്തുക. ഇവിടെ പത്തു സെന്റില്‍ 1000 ചതുരശ്രഅടി വീടുകള്‍ ആണ് നിര്‍മിക്കുക.
കല്‍പ്പറ്റയില്‍ ക്ലസ്റ്റര്‍ മാതൃകയിലാണു വീടുകള്‍ നിര്‍മിക്കുന്നത്. ഇതിനിടയില്‍ കളി സ്ഥലവും പാര്‍ക്കിങ് ഏരിയയും സജ്ജീകരിക്കും. വീടുകള്‍ നിര്‍മിക്കാനും മറ്റു നിര്‍മാണ സാമഗ്രികള്‍ നല്‍കാനും വീട്ടുപകരണങ്ങള്‍ നല്‍കാനും സ്പോണ്‍സര്‍മാര്‍ എത്തിയിട്ടുണ്ടെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. കല്‍പ്പറ്റയില്‍ കൂടുതല്‍ വീടുകളും നെടുമ്പാലയില്‍ ഭൂമിയുടെ കിടപ്പനുസരിച്ചു കുറച്ചുവീടുകളുമാണ് നിര്‍മിക്കുന്നത്. രണ്ടിടത്തും നിലവില്‍ താമസിക്കുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേരളം സി പി എമ്മിന്റെ പോഷക സംഘടനയായ ഊരാളുങ്കലിന് തീറെഴുതിയത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതലാണ്.
സുപ്രീം കോടതിയെ ഒരു ഉളുപ്പുമില്ലാതെ കേരള സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേത് ആണെന്ന് വ്യക്തമാക്കിയാണ് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയിരുന്നു. ഇതിന് എതിരെയുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ സികെ ശശിയാണ് കേരള സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇതിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേത് ആണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ എ.കെ.ജി.സെന്ററിലെ ഖജനാവ് നിറയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.
ഊരാളുങ്കലിനെ റെഡ് കാര്‍പ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേര്‍ന്നാണ്.
2015-ല്‍ ഉമ്മന്‍ചാണ്ടിയാണ് ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നല്‍കിയത്. ഇത് ഒരു സി പി എം പ്രസ്ഥാനമാണെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു.. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി പിഎം നേതാക്കളെ കോണ്‍ഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്.
2016 ജനുവരിയില്‍ ഉമ്മന്‍ചാണ്ടി ഐ.ടി. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകള്‍ ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കാന്‍ അനുമതി നല്‍കി. പിണറായിയുടെ ഇടപെടല്‍ വഴിയാണ് ഇതെന്ന് മനസിലാക്കാം. എല്‍.ഡി.എഫ്. സര്‍ക്കാര്‍ 2017-ല്‍ ഇത് 500 കോടിയായും 2019-ല്‍ 800 കോടിയായും ഉയര്‍ത്തി. ഇപ്പോള്‍ പരിധിയെല്ലാം എടുത്തു കളഞ്ഞു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെന്‍ഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2019 സെപ്റ്റംബര്‍ വരെ 347 കരാറുകളാണ് ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ വകുപ്പുകള്‍മാത്രം ഊരാളുങ്കലിനു നല്‍കിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പ്പറേഷന്‍ എന്നിവയെല്ലാം ചേര്‍ത്ത് ആയിരത്തോളം കരാറുകള്‍ ഇതിനു പുറമെ നല്‍കിയിട്ടുണ്ടെന്നാണ് വിവരം .ഇപ്പോള്‍ ഇത് ആയിരം കവിയും.
എട്ടുകോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി.) നിര്‍ദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നല്‍കിയത്. ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കുകയും അത് മറ്റുപല ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും ഉപകരാര്‍ നല്‍കുകയുമാണ് ഊരാളുങ്കല്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.
സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കല്‍ കഴിഞ്ഞസര്‍ക്കാരില്‍ നിന്ന് കരാര്‍ ഏറ്റെടുത്തത്.എന്നാല്‍ സ്വകാര്യ കമ്പനികള്‍ രൂപകരിച്ചും മറ്റ് ഏജന്‍സികള്‍ക്ക് ഉപകരാര്‍ നല്‍കുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള ഉന്നതന്റെ ഭാര്യക്ക് ഊരാളുങ്കലില്‍ നിക്ഷേപമുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു.
യു.ഡി.എഫ്. നാളെ അധികാരത്തിലെത്തിയാല്‍ പോലും ഇവര്‍ക്ക് നല്‍കിയ കരാറുകള്‍ പുനപ്പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. എന്നാല്‍ ഒരിക്കല്‍ കരാര്‍ നല്‍കിയാല്‍ അത് പിന്നീട് പുന:പരിശോധിക്കാന്‍ കഴിയില്ല.
ഒന്നിലേറെ മേഖലകളില്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതി നിര്‍വഹണം മൊത്തത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് കരാറായി നല്‍കാമെന്നതാണ് ഇതിന്റെ നേട്ടം. ഇതാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. അദ്ദേഹത്തിന് സ്തുതി പറയാതിരിക്കുന്നതെങ്ങനെ ?
ഓരോ വര്‍ഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജന്‍സികളെ നിശ്ചയിക്കാറുള്ളത്. ഉമ്മന്‍ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെന്‍ഡറില്ലാതെ നേരിട്ട് ഇത്തരം ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാനാവും. ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായ ഏജന്‍സികളെ അക്രഡിറ്റഡ് ഏജന്‍സികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നതെന്ന് കരുതുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ വയനാട് പുനരധിവാസ പദ്ധതിയും ടെണ്ടറില്ലാതെ നല്‍കിയത്.
ഊരാളുങ്കലിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറവില്‍ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കാന്‍ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത് എം.ശിവശങ്കറാണെന്നും ഇ.ഡി.കരുതുന്നു. സി.എം.രവീന്ദ്രന്റെ സഹായത്തോടെയാണ് ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് വേണ്ടി കരുക്കള്‍ നീക്കിയതെന്ന് സംശയിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. മുഖ്യമന്ത്രിയുടെ പൂര്‍ണ അറിവും സമ്മതവും ഇതിന് പിന്നിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഊരാളുങ്കലിന് ആരു മണികെട്ടും എന്നാണ് കേരളം ചോദിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ഊരാളുങ്കലാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഊരാളുങ്കലിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചരടുവലിക്കുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നു.
റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വന്നപ്പോഴും പ്രതിസ്ഥാനത്ത് ഊരാളുങ്കല്‍ തന്നെയായിരുന്നു. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നല്‍കിയ കരാറില്‍ ഉപകരാര്‍ നല്‍കിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും പുറത്തു വന്നു. അതായത് ഊരാളുങ്കലിന്റെ മറവില്‍ സി പി എം പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തെ അനുദിനം വികസിപ്പിക്കുന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. സി പി.എം.പ്രൈവറ്റ് ലിമിറ്റഡിന്റെ ഉന്നതനാണ് സി.എം.രവീന്ദ്രന്‍ എന്നാണ് ഏജന്‍സികള്‍ സംശയിക്കുന്നത്. എന്നാല്‍ എല്ലാ ഇടപാടുകളും ഇന്റലിജന്റ് മൂവാണ്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത തരത്തിലാണ് നീക്കങ്ങള്‍ നടക്കുന്നത്.
നിരത്തിലെ നിയമലംഘനം പിടികൂടാന്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്ആര്‍ഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ ആണ്. കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ വിശദാംശങ്ങള്‍ കൂടി പുറത്ത് വരുന്നത്.
കാസര്‍കോടും കണ്ണൂരും വെഹിക്കിള്‍ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കലില്‍ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയില്‍ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018 ല്‍ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് ഈ കരാര്‍ പ്രസാഡിയോ ഏറ്റെടുക്കുന്നത്. ട്രാഫിക്ക് ക്യാമറക്ക് കെല്‍ട്രോണ്‍ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കില്‍ ഇവിടെ കിഡ്‌കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്.
കെ ഫോണ്‍ അടക്കം മറ്റ് വന്‍കിട പദ്ധതികളിലും സമാനമായ ഉപകരാറുകള്‍ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതല്‍ കരാര്‍ ഉപകരാര്‍ ജോലികളില്‍ വരെ ഒരേ കമ്പനികളുടെ സ്ഥിരം സാന്നിധ്യവും ഇതിന് പിന്നിലെ സ്വജന പക്ഷപാതവുമാണ് പ്രതിപക്ഷം ആയുധമാക്കുന്നതും.
എം. ശിവശങ്കറാണ് ഇത്തരം ഇടപാടുകളുടെ ചരടുവലികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് നടത്തിയിരുന്നത്. സി.എം.രവീന്ദ്രനാണ് ശിവശങ്കറിനെ കൊണ്ട് കാര്യങ്ങള്‍ നടത്തിയിരുന്നത്.
ശിവശങ്കര്‍ രവീന്ദ്രന്‍ പറയുന്നതെല്ലാം അനുസിക്കാറുണ്ടായിരുന്നു.രവീന്ദ്രനെ സി.എം എന്നാണ് ശിവശങ്കര്‍ വിളിച്ചിരുന്നത്. സി.എം പറഞ്ഞാല്‍ അത് സി.എം പറഞ്ഞതാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു.
ഊരാളുങ്കലിന്റെ മറവില്‍ ഇത്തരം സ്വകാര്യ കമ്പനികളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാമെന്ന ആശയം ശിവശങ്കറിന്റെതായിരുന്നു. വിവാദങ്ങളെ നേരിടാന്‍ ഊരാളുങ്കല്‍ മതി എന്ന ആശയം അതുവരെ ആരുടെയും തലയില്‍ ഉദിച്ചിരുന്നില്ല. ഊരാളുങ്കല്‍ ഒരു സഹകരണ സ്ഥാപനമായതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ അടിച്ചു മാറ്റാന്‍ തന്ത്രമുണ്ടെന്ന് ഉപദേശിച്ചതും ശിവശങ്കര്‍ തന്നെയാണെന്നാണ് വിവരം.
ഊരാളുങ്കല്‍ ഈ കുടുംബത്തിന്‍െഐശ്വര്യം എന്നാണ് എ.കെ.ജി. സെന്ററിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്. സി.എം. രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഊരാളുങ്കലിന് വേണ്ടി ചരടുകള്‍ വലിക്കും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലെ
ത്തുന്ന വര്‍ക്കുകള്‍ ഊരാളുങ്കലിന് കാന്‍വാസ് ചെയ്യും.മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൂടിയാകുമ്പോള്‍ സംഗതി പൂര്‍ണമാകും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രമാണെന്ന ആരോപണം മുമ്പേയുണ്ട്. . ഒരു തരത്തിലുമുള്ള ടെണ്ടര്‍ നടപടികളും പാലിക്കാതെ സര്‍ക്കാരിന്റെ കോടികള്‍ ഊരാളുങ്കലിന് നല്‍കിയതിനെ കുറിച്ച് രഹസ്യാന്വേഷണം നടന്നിരുന്നു..
സര്‍ക്കാര്‍ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്‌ലൈ ഓവര്‍, കോഴിക്കോട് നഗരവികസനം, റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാര്‍ക്ക്, വെള്ളിമാട്കുന്ന് ജണ്ടര്‍ പാര്‍ക്ക് തുടങ്ങിയ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കല്‍ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകന്‍. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തില്‍ വരുമ്പോഴാണ് സൊസൈറ്റിക്ക് ശുക്രദശ തുടങ്ങുന്നത്.
മലബാറിലെ സി പി എം നേതാക്കളുടെ കൈയിലാണ് ഊരാളുങ്കലിന്റെ ഓഹരികള്‍ ഉള്ളതെന്നാണ് വിവരം. ഇതില്‍ സര്‍ക്കാരിലെ ഉന്നതരും ഉള്‍പ്പെടുന്നുണ്ട്. അതാണ് ഇ ഡിക്ക് മുന്നിലെ വിഷയം.
വാഗ്ഭടാനന്ദന്റെ ആശീര്‍വാദത്തോടെ പാലേരി ചന്ദന്‍ മാന്‍ 1925 ല്‍ സ്ഥാപിച്ചതാണ് ഊരാളുങ്കല്‍ കോ-ഓപ്പറേറീവ് സൊസൈറ്റി. 1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിര്‍മ്മാണ ജോലികള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികള്‍ കമ്പനി നടത്തിയിട്ടുണ്ട്. സര്‍ക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്.
കെ.ഫോണ്‍ പദ്ധതി ഊരാളുങ്കലിന് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ പദധതി. 500 കോടിയുടെ അഴിമതിയാണ് ഇതു വഴി നടത്താന്‍ ഉദ്ദേശിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കെ. ഫോണ്‍ പദ്ധതി വിവാദത്തിലായതോടെ അഴിമതി പൊളിഞ്ഞു.
സി ഡിറ്റ് എന്ന സര്‍ക്കാര്‍ ഏജന്‍സി നടപ്പിലാക്കിയിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ തീരുമാനിച്ചു.
പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സര്‍ക്കാര്‍ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കല്‍ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികള്‍നിര്‍വഹിച്ചത്. ഖജനാവില്‍ നിന്നും മരാമത്ത് ജോലികള്‍ക്കായി നീക്കി വയ്ക്കുന്ന തുകയില്‍ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ കൂട്ടിനോക്കിയാല്‍ സി പി എം പോക്കറ്റിലാക്കുന്ന പണത്തിന്റെ കണക്ക് മനസിലാക്കാം. ഏതായാലും ശിവശങ്കരനും രവീന്ദ്രനും ചേര്‍ന്ന് കേരളത്തെ സി പി.എം .പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്ന് പറഞ്ഞാല്‍ മതി. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടി സ്ഥാപനത്തെ സര്‍ക്കാര്‍ സ്ഥാപനമാണെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കാണുമ്പോള്‍ ഇത്രയേ പറയാനുള്ളു: കേരളമാണ് എന്തും നടക്കും. അതാണ് വയനാട്ടിലും കാണാന്‍ പോകുന്നത്.
"
https://www.facebook.com/Malayalivartha