മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസായിരുന്നു അദ്ദേഹത്തിന്. മുതിര്‍ന്ന പത്രാധിപര്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍, നിരൂപകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച മലയാള മാധ്യമരംഗത്തെ അതികായകനാണ് വിടവാങ്ങിയത്. മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തന ജീവിതത്തിലുടനീളം വിമര്‍ശിച്ചും എതിര്‍ത്തും പ്രോത്സാഹിപ്പിച്ചും മുന്നേറിയ ഒറ്റയാള്‍ പോരാളിയായിരുന്നു എസ് ജയചന്ദ്രന്‍ നായര്‍. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. പിന്നീട് കലാകൗമുദിയിലേക്ക് മാറി. സമകാലിക മലയാളം വാരികയുടെ സ്ഥാപകപത്രാധിപരായിരുന്നു. 13 വര്‍ഷം സമകാലിക മലയാളം വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്. മാനേജ്‌മെന്റുമായുള്ള ഭിന്നതയെത്തുടര്‍ന്ന് 2012-ല്‍ എസ് ജയചന്ദ്രന്‍ നായര്‍ മലയാളം വാരികയില്‍ നിന്ന് രാജിവെച്ചു.
ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികള്‍' ക്ക് 2012 ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും ജയചന്ദ്രന്‍ നായരുടെതായിരുന്നു.
റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയരാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha