ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്; വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും എന്നാല്‍, വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന സംയുക്ത മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയത്.
തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തന്നെ തുടരുന്ന ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും എന്നിരുന്നാലും ശ്വാസകോശത്തിനേറ്റ് ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെളളം കെട്ടുന്ന റിയാക്റ്റീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
ഇതില്‍ അത്യന്തം ആശങ്കപ്പെടേണ്ടതില്ലെങ്കില്‍ കൂടി കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്ന് റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. വെന്റിലേറ്ററില്‍ നിന്നും മാറ്റാനുള്ള ശ്രമം തുടരുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ കാര്‍ഡിയോവാസ്കുലാര്‍, ന്യൂറോളജി, പള്‍മണോളജി വിഭാഗത്തിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രോഗിയെ സന്ദര്‍ശിച്ച് മടങ്ങി. നല്കിക്കൊണ്ടിരിക്കുന്ന ചികിത്സയിലും രോഗിക്ക് ഉണ്ടായിട്ടുള്ള പെട്ടെന്നുള്ള പുരോഗതിയിലും പ്രസ്തുതസംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നും കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയത്. ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗം പ്രൊഫ. ഡോ. വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ഇവര്‍ തുടര്‍ ചികിത്സ ചര്‍ച്ച ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. എംഎല്‍എയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.
https://www.facebook.com/Malayalivartha