പൊട്ടിച്ചിരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍... ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ അര്‍ലേക്കറുടെ നാടകീയ ഇടപെടല്‍; സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ തിരുത്തി; ശക്തമായ സൂചന
ആരിഫ് മുഹമ്മദ് ഖാന്‍ പോയതില്‍ സന്തോഷിച്ച സഖാക്കള്‍ക്ക് സന്തോഷത്തിന് വകയില്ല. ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സര്‍ക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്.
ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് ഇതോടെ നടപ്പാകാതെ പോയത്.
ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് പരാതി ഗവര്‍ണറുടെ സവിധം എത്തിച്ചതെന്നാണ് വിവരം. തുടര്‍ന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവര്‍ണര്‍ ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യത്തെപ്പറ്റി സംശയത്തിലായി. തുടര്‍ന്ന് മനോജ് ഏബ്രഹാമിനെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഗവര്‍ണറുടെ ആവശ്യം അദ്ദേഹം അപ്പോള്‍ത്തന്നെ അംഗീകരിച്ചു.
കലഹത്തിന്റെ കോളിളക്കമുണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാനുശേഷം രാജേന്ദ്ര ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി എത്തുമ്പോള്‍ ഇതോടെ ആശങ്കയൊഴിയാതെ സഖാക്കള്‍. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സര്‍വകലാശാലാ വിഷയങ്ങളില്‍ നേരിട്ടിടപെട്ട് ബിഹാര്‍ സര്‍ക്കാരുമായി പോരടിച്ചാണ് ആര്‍ലേക്കറുടെ വരവ്.
ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പി.യോടും സംഘപരിവാറിനോടും അനുഭാവമുള്ളയാളായിരുന്നെങ്കില്‍ ആര്‍ലേക്കര്‍ ബി.ജെ.പി. നേതാവും ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ളയാളുമാണ്. അതിനാല്‍, കേരളത്തിലേക്കുള്ള ആര്‍ലേക്കറിന്റെ വരവിന് ഏറെ രാഷ്ട്രീയമാനങ്ങളുണ്ട്.
ഗോവ സ്വദേശിയായ ആര്‍ലേക്കര്‍ ബി.ജെ.പി. രൂപംകൊണ്ട 1980 മുതല്‍ പാര്‍ട്ടിയുടെ ഭാഗമാണ്. ബി.ജെ.പി. ഗോവ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സത്യാഗ്രഹം കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളുടെ കൈയിലെ ആയുധം കണ്ടാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്ന് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഈയിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അച്ചടക്കം ഉറപ്പാക്കാന്‍ രണ്ടുവര്‍ഷത്തെ പട്ടാളസേവനം നിര്‍ബന്ധമാക്കണമെന്ന ആര്‍ലേക്കറിന്റെ നിലപാടും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അടിമുടി 'രാഷ്ട്രീയ'ക്കാരനായ ആര്‍ലേക്കറുടെ കരുനീക്കങ്ങളെ നേരിടുന്നതാവും വെല്ലുവിളി.
ജനുവരി മൂന്നാംവാരം നിയമസഭ തുടങ്ങും. പുതിയ വര്‍ഷത്തെ സഭ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. സാമ്പത്തികപ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കേന്ദ്രവിമര്‍ശനവും ഉള്ളടക്കമാവും. പുതിയ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ എന്തു നിലപാടെടുക്കുമെന്നത് നിര്‍ണായകമാവും.
വിരമിച്ച ജഡ്ജിമാരായ വി. ഷെര്‍സി, അശോക് മേനോന്‍ എന്നിവരെ ഉപലോകായുക്തമാരായും പി.എസ്.സി. അംഗമായി റിഷ ടി. ഗോപാലിനെയും നിയമിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഒപ്പിടാതെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം. പുതിയ ഗവര്‍ണര്‍ ഇതിലെന്ത് തീരുമാനമെടുക്കുമെന്നതും കാത്തിരുന്ന് കാണേണ്ടിവരും.
രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണരായി ഇന്നലെയാണ് ചുമതലയേറ്റത്. രാവിലെ പത്തരയ്ക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെഎന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരും ശശിതരൂര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. ചീഫ് സെക്രട്ടറി, ഡിജിപി, കര, നാവിക, വ്യോമസേന പ്രതിനിധികള്‍ എന്നിവരും ചടങ്ങിനെത്തി.
"
https://www.facebook.com/Malayalivartha