പ്രിയപ്പെട്ട എംടിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ വസതിയായ സിതാരയിലെത്തി മമ്മൂട്ടി
പ്രിയപ്പെട്ട എം.ടിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ സിതാരയിലെത്തി നടന്‍ മമ്മൂട്ടി. എം.ടിയുടെ വിയോഗ സമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു അതിനാല്‍ എത്താന്‍ സാധിച്ചിരുന്നില്ല. രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും മരുമകനും മമ്മൂട്ടിയെ സ്വീകരിച്ചു. എം.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പലപ്പോഴും മമ്മൂട്ടി വികാരാധീനനായി. എം.ടി പോയിട്ട് 10 ദിവസമായി. മറക്കാത്തതു കൊണ്ടാണല്ലോ വന്നത്. മറക്കാന്‍ പറ്റാത്തത് കൊണ്ട്. മമ്മൂട്ടി പറഞ്ഞു.
കോടതിയില്‍ പ്രാക്ടീസ് തുടങ്ങാന്‍ തീരുമാനിച്ച ദിവസമാണ് 'ദേവലോക'ത്തിന്റെ ലൊക്കേഷനിലെത്താന്‍ വിളിവന്നത്. എം.ടിയുടെ സിനിമ വേണോ, വക്കീലാവണോ എന്നത് വലിയ സംഘര്‍ഷമായിരുന്നു. സിനിമ മതിയെന്ന് ഒടുവില്‍ തീരുമാനിച്ചു. കോഴിക്കോട് ബീച്ച് റോഡിലുള്ള എയര്‍ലൈന്‍ ലോഡ്ജില്‍ വച്ചാണ് ആദ്യം കാണുന്നത്. ദേവലോകം വെളിച്ചം കണ്ടില്ലെങ്കിലും പിന്നീട് എന്നെ വിളിക്കാന്‍ അദ്ദേഹം മറന്നില്ല.
ഞാനെന്ന നടനെ പരുവപ്പെടുത്തിയതില്‍ എം.ടി ഉണ്ടായിരുന്നു. സ്മാരകവും സ്തൂപങ്ങളൊന്നും പാടില്ലെന്നാണ് എം.ടി പറഞ്ഞത്. പക്ഷേ കേരളത്തില്‍ വായനാസംസ്‌കാരവും വളര്‍ത്താന്‍ എം.ടിയുടെ പേരില്‍ സംവിധാനങ്ങളുണ്ടാവണം. കുടുംബം തീരുമാനിക്കുന്നതിനൊപ്പം കൂടെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം മമ്മൂട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എം.ടിയുടെ മരണസമയത്ത് മമ്മൂട്ടി ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.
അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.' എന്നായിരുന്നു അന്ന് മമ്മൂട്ടി കുറിച്ചത്.
https://www.facebook.com/Malayalivartha