അഞ്ചലിലെ കൂട്ടക്കൊലപാതകത്തെ കുറിച്ച് കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പറയുന്ന വാക്കുകള്‍
അഞ്ചലിലെ കൂട്ടക്കൊലപാതകത്തെ കുറിച്ച് ഓര്‍ത്തെടുത്ത് അയല്‍വാസിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതികുമാര്‍ ചാമക്കാല. 2006 ഫെബ്രുവരിയിലായിരുന്നു നാടിനെ ഞെട്ടിച്ച അഞ്ചല്‍ കൊലപാതകം നടന്നത്. അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും അയല്‍വാസിയായ ദിവില്‍ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.
കമ്മിഷന്‍ ദിവില്‍ കുമാറിനോട് ഡിഎന്‍എ ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവില്‍ പോയി. പത്താന്‍കോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികള്‍ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സിബിഐ പിടികൂടിയത്.
ജ്യോതികുമാര്‍ ചാമക്കാല പറയുന്നത്:
കൊല്ലം അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും മുന്‍ സൈനികര്‍ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം മുന്‍പുള്ള സംഭവം ഓര്‍ത്തെടുത്ത് അയല്‍വാസിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതികുമാര്‍ ചാമക്കാല. ''കൊല്ലപ്പെട്ട രഞ്ജിനിയും അയല്‍ക്കാരനായ ദിവില്‍ കുമാറും പ്രണയത്തിലായിരുന്നു. ദിവില്‍ പട്ടാളത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനിയെ ഗര്‍ഭിണിയാക്കിയ ശേഷം ദിവില്‍ കുമാര്‍ നാടുവിട്ടു. ഇതു വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.
ദിവില്‍ കുമാര്‍ പിതൃത്വം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ദിവിലിന്റെ സുഹൃത്തായ രാജേഷ് അവിടെ അവരെ സഹായിക്കാനെത്തി. കുടുംബത്തിന്റെ വിശ്വാസം രാജേഷ് നേടിയെടുത്തു. ആശുപത്രിയില്‍ ചെലവ് അടക്കം എല്ലാ കാര്യങ്ങളും അയാളാണു നോക്കിയിരുന്നത്. മറ്റ് ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെയാണ് അയാള്‍ നടന്നിരുന്നത്.
രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്നു. സംഭവം നടന്ന ദിവസം രാജേഷ് വീട്ടിലെത്തി. ഈ സമയം രഞ്ജിനിയുടെ അമ്മ പഞ്ചായത്ത് ഓഫിസില്‍ പോവുകയായിരുന്നു. രാജേഷ് വന്നതുകൊണ്ട് സംസാരിച്ചുനിന്ന അവരെ അയാള്‍ നിര്‍ബന്ധിച്ചു ജോലിക്കു പറഞ്ഞയച്ചു. അതിനുശേഷമാണു രഞ്ജിനിയെയും കുട്ടികളെയും കൊന്നത്''.
''ദിവില്‍ കുമാര്‍ പട്ടാളത്തിലേക്കു തിരികെ മടങ്ങുന്നുവെന്നു പറഞ്ഞാണു നാട്ടില്‍നിന്നു പോയത്. പക്ഷേ, അവിടെ എത്തിയിരുന്നില്ല. രാജേഷും പിന്നീട് അങ്ങോട്ടേക്കു പോയില്ല. കൊലപാതകങ്ങള്‍ക്കുശേഷം രഞ്ജിനിയുടെ അമ്മയുടെ മനോനില തെറ്റി.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിശേഷം ശാന്തി കവാടത്തില്‍ ഞാന്‍ മുന്‍കൈയ്യെടുത്താണ് സംസ്‌കാരം നടത്തിയത്. ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
പ്രതികള്‍ പട്ടാളക്കാരായതു കൊണ്ടു തന്നെ നമുക്കു പല പരിമിതികളും ഉണ്ടായിരുന്നു. അന്ന് ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടു നിവേദനവുമായി ഞാന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ പോയി കണ്ടു. ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി. ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
രഞ്ജിനിയുടെ അമ്മ ആ കുഞ്ഞുങ്ങളെ വലിയ കരുതലോടെയാണു നോക്കിയിരുന്നത്. കുളിപ്പിച്ച് ഒരുക്കി അവര്‍ക്കു കണ്ണെഴുതി നല്‍കി പൊട്ടു കുത്തിച്ച് അഞ്ചലിലേക്കു പോകാന്‍ നിന്നപ്പോഴാണ് രാജേഷ് ആ വീട്ടിലേക്കു വന്നത്. വേറെ വരുമാന മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ രഞ്ജിനിക്ക് ഒരു തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തിരുന്നു. അതില്‍ ജോലി ചെയ്താണ് രഞ്ജിനി വീട്ടിനുള്ളില്‍ ഇരുന്നത്. ഈ രാജേഷ് ആരാണെന്നോ അയാളുടെ മേല്‍വിലാസമോ ഒന്നും ഇവര്‍ക്ക് അറിയില്ലായിരുന്നു.
എന്റെ വീട്ടിനടുത്തായിരുന്നു ഈ സംഭവമുണ്ടായത്. ഈ കുട്ടികളുടെ അച്ഛനായ, കൊലപാതകം ആസൂത്രണം ചെയ്ത ദിവില്‍ കുമാര്‍ എനിക്ക് അറിയാവുന്ന ആളായിരുന്നു. അതിന്റെ പേരില്‍ നാട്ടിലൊക്കെ ഒരുപാടു നഷ്ടം എനിക്കുണ്ടായിട്ടുണ്ട്. രഞ്ജിനിയുടെ അമ്മ അവസാനം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് വെഞ്ഞാറമൂട്ടിലേക്കു താമസം മാറിയെന്നായിരുന്നു. ഈ അടുത്തകാലം വരെയും ഉമ്മന്‍ ചാണ്ടിക്ക് അവര്‍ കൊടുത്ത നിവേദനം എന്റെ കൈയ്യിലുണ്ടായിരുന്നു. വീട് മാറിയപ്പോഴാണ് അതു നഷ്ടപ്പെട്ടത്'' - ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
https://www.facebook.com/Malayalivartha