വല്ലപ്പുഴയിൽ ഒരാഴ്ച മുമ്പ് കാണാതായ 15 കാരിയെ ഗോവയിൽ കണ്ടെത്തി; പെൺകുട്ടിയെ തിരിച്ചറിഞ്ഞത് നിലമ്പൂരില്‍ നിന്നും ഗോവയിലേക്ക് പോയ യാത്രാ സംഘം...
പാലക്കാട് വല്ലപ്പുഴയിൽ ഒരാഴ്ച മുമ്പ് കാണാതായ 15 കാരിയെ കണ്ടെത്തി. ഡിസംബർ 30 ന് വീട്ടിൽ നിന്നും സ്കൂളിലേക്കിറങ്ങിയ ചൂരക്കോട് സ്വദേശിനിയെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയായിരുന്നു. ഇതിനിടയിലാണ് ഗോവയിൽ വിദ്യാർത്ഥിനിയുണ്ടെന്ന് കണ്ടെത്തിയത്. ഡിസംബ൪ 30ന് രാവിലെ ചൂരക്കോട്ടെ വീട്ടിൽ നിന്നും ട്യൂഷൻ സെൻററിലേക്കിറങ്ങിയതായിരുന്നു പെൺകുട്ടി. ഒൻപതു മണിയോടെ ട്യൂഷൻ ക്ലാസ് വിട്ടു. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടിൽ പുസ്തകമെടുക്കാനെന്ന് പറഞ്ഞായിരുന്നു കുട്ടി പോയത്. കൂട്ടുകാരികൾക്ക് മുന്നിൽ നിന്നു തന്നെ വസ്ത്രവും മാറി.
സമയമായിട്ടും സ്കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്കൂൾ അധികൃത൪ വിവരമറിയിച്ചു. പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതിയും നൽകി. കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്താനായില്ല. മുഖം മറച്ചതിനാൽ ഷഹന തന്നെയാണോയെന്ന് പൊലീസിന് ഉറപ്പിക്കാനും കഴിഞ്ഞിരുന്നില്ല.
സംഭവ ദിവസം പരശുറാം എക്സ്പ്രസിൽ കുട്ടി കയറിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ റയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം വരെ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചു. എന്നിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയിരുന്നില്ല. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ഇവിടങ്ങളിലൊന്നും കുട്ടിയെത്തിയിരുന്നില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് കുട്ടി പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാ൪, സിഐമാ൪, എസ്ഐമാ൪ അടങ്ങുന്ന 36 അംഗസംഘം അഞ്ചു ടീമുകളായാണ് അന്വേഷണം നടത്തിയത്. കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യൂണിഫോം മാറ്റി പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. കുട്ടിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കാണാനില്ലെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും ഗോവയിലേക്ക് പോയ യാത്രാ സംഘം പെണ്‍കുട്ടിയെ തിരിച്ചറിയുകയായിരുന്നു.
ട്രെയ്‌നിലെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിര്‍ണായക വിവരം പോലീസിന് കൈമാറിയത്. ഇതുപ്രകാരമാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാള്‍ ആരാണ് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടെയുള്ള ആളെപ്പറ്റി എന്തെങ്കിലും വിവരമുണ്ടെങ്കിൽ ഷൊർണൂർ DYSPയെ അറിയിക്കാൻ നിർദേശമുണ്ട്. കണ്ടെത്തുമ്പോൾ കുട്ടി ഒറ്റയ്‌ക്കയിരുന്നുവെന്നാണ് വിവരം. കുട്ടി എന്തിന് പോയി, കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത ലഭിക്കാനുണ്ട്.
https://www.facebook.com/Malayalivartha