മത്സരങ്ങൾ സുഗമമായി നടത്താനും സമയക്രമം പാലിക്കാനും വേണ്ട എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്; ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളിൽ അരങ്ങേറേണ്ടതെന്ന് മന്ത്രി വി ശിവൻകുട്ടി
ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളിൽ അരങ്ങേറേണ്ടതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരുപത്തി അഞ്ച് വേദികളിൽ 249 മത്സരയിനങ്ങളിലായി 15000 ത്തോളം കലാ പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മത്സരങ്ങൾ സുഗമമായി നടത്താനും സമയക്രമം പാലിക്കാനും വേണ്ട എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മത്സരത്തിനായി എത്തിയിട്ടുള്ള കുട്ടികളോട് വിജയമല്ല പങ്കെടുക്കലാണ് പ്രധാനം എന്നും പരസ്പര ബഹുമാനവും സ്നേഹവും വേണമെന്നും മന്ത്രി ഓർമിപ്പിച്ചു . 63-മത് സംസ്ഥാന സ്കൂൾ കലോത്സവ ഉദ് ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ചു കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ മത്സര ഇനങ്ങളായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ടെന്നും കേരളീയ സമൂഹത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
2016 നു ശേഷം തിരുവനന്തപുരത്ത് വീണ്ടുമെത്തിയ കലോത്സവം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഫ്യൂഡൽ കാലഘട്ടത്തിൽ വേരൂന്നിയ അസമത്വത്തിൻ്റെയും മുൻവിധികളുടെയും അടിത്തറ തകർത്ത നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളെ വളർത്തിയെടുത്ത നാടാണ് തിരുവനന്തപുര. കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വര അയ്യർ തുടങ്ങിയ സമത്വത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ആശയങ്ങൾ ഉയർത്തിപ്പിടിച്ച പ്രഗത്ഭ കവികളുടെ ജന്മസ്ഥലം കൂടിയാണിത്.
കലാ സാംസ്കാരിക രംഗങ്ങളിലെ എണ്ണമറ്റ പ്രഗത്ഭരുടെ നാടാണ് തിരുവനന്തപുരം. സാമൂഹ്യ പരിഷ്‌കരണം, രാഷ്ട്രീയ പരിവർത്തനം, കലാപരമായ മികവ് എന്നിവയിലെ പുരോഗതിയുടെ ഉജ്ജ്വലമായ ചരിത്രമുള്ള തിരുവനന്തപുരം.കലാകേരളത്തിൻ്റെ ഭാവി അഭിലാഷങ്ങളെ ഉൾക്കൊള്ളാൻ സജ്ജമാണ്.
മത്സരാർത്ഥികളും അവരുടെ മാതാപിതാക്കളും അനുഗമിക്കുന്ന അധ്യാപകരും ഉൾപ്പെടെ 25,000-ത്തിലധികം ആളുകൾ മത്സരവേദികളിൽ ഉണ്ടാകും. കൂടാതെ, വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും കാഴ്ചക്കാരായി പങ്കെടുക്കും. എൻ സി സി, എസ് പി സി എന്നിവയിൽ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ച രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധപ്രവർത്തകരുടെ പിന്തുണ മേളയ്ക്ക് ഉണ്ടാകും. സർക്കാരിന്റെ എൻഫോഴ്സ്മെന്റ് ഏജൻസികൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha