കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം; മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജിഎച്ച്എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി
കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജിഎച്ച്എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ മുഴുവൻ സർഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് ഇവിടങ്ങളിൽ മാറ്റുരയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ടി വാസുദേവൻ നായരുടെ കലാസൃഷ്ടികൾക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് സ്‌കൂൾ കലോത്സവമെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കലോത്സവ വേദികളിൽ മാറ്റുരച്ച നിരവധി പ്രതിഭകൾ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ പിന്നീട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉൾക്കൊണ്ടുവേണം ഈ കലോത്സവങ്ങളിൽ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി മൽസരാർഥികളെ ഓർമിപ്പിച്ചു.
നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന ബോധ്യത്തോടെ വേണം കുട്ടികൾ മേളയിൽ പങ്കെടുക്കാൻ. ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തേക്കാൾ വലിയ നേട്ടമെന്ന തിരിച്ചറിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യർ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങൾക്കും സാമൂഹ്യവ്യവസ്ഥാ മാറ്റങ്ങൾക്കും വഴിവെച്ചിട്ടുള്ളത്. ഉത്സവങ്ങൾ കൗമാരക്കാരുടേയും യുവജനങ്ങളുടേതുമാകുമ്പോൾ അതിന് കൂടുതൽ ഓജസ്സും ഊർജസ്വലതയും കൈവരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha