അഞ്ചലിലെ കൂട്ടക്കൊലപാതകം: എത്ര വലിയ പ്ലാന്‍ ഉണ്ടാക്കിയാലും ഒരു തുമ്പെങ്കിലും ഉണ്ടാകും പ്രതിയിലേക്കെത്താന്‍: അതാണിവിടെ രക്തത്തില്‍ കുളിച്ചു കിടന്ന ആ ആര്‍സി ബുക്ക്!
അഞ്ചലിലെ കൂട്ടക്കൊലപാതകം അന്വേഷണത്തിന്റെ തുടക്കം ഒരു ആര്‍സി ബുക്കില്‍നിന്നായിരുന്നു. രഞ്ജിനിയുടെയും മക്കളുടെയും മൃതദേഹങ്ങളുള്ള രക്തത്തില്‍ കുളിച്ചു കിടന്ന മുറിയില്‍നിന്നാണു വാഹനത്തിന്റെ ആര്‍സി ബുക്ക് ലഭിച്ചതെന്ന് അന്ന് അഞ്ചല്‍ സിഐ ആയിരുന്ന എസ്പി ഷാനവാസ് പറഞ്ഞു. അഞ്ചല്‍ സ്വദേശി രഞ്ജിനിയെയും ഇരട്ട കുട്ടികളെയും കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരം ജനുവരി ഒന്നിനാണു കേരള പൊലീസ് സിബിഐയ്ക്ക് കൈമാറുന്നത്.
നീണ്ട നാളായി ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യയിലൂടെ മാറ്റങ്ങള്‍ വരുത്തിയാണു സമൂഹമാധ്യമത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നത്. കേസിലെ പ്രതി രാജേഷിന്റെ പഴയ ചിത്രവുമായി സാമ്യമുള്ള നൂറിലധികം പ്രൊഫൈലുകള്‍ കേരള പൊലീസ് പരിശോധിച്ചു. ഒടുവില്‍ മൂന്ന് അക്കൗണ്ടുകളില്‍ അന്വേഷണം കേന്ദീകരിച്ചു. അതില്‍ ഒരു അക്കൗണ്ടിലെ സ്ത്രീയുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയിലേക്കെത്തിച്ചത്.
രഞ്ജിനിയെ കൊലപ്പെടുത്താന്‍ സാധ്യത അയല്‍വാസിയും കാമുകനുമായ ദിവില്‍ കുമാറാണ്. കുട്ടികളുടെ പിതാവ് അകന്ന ബന്ധുവായ ദിവിലാണെന്നു കാട്ടി രഞ്ജിനി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ദിവില്‍ പഞ്ചാബ് അതിര്‍ത്തിയിലെ പഠാന്‍കോട്ട് സൈനിക ക്യാംപില്‍ ഡ്യൂട്ടിയിലായിരുന്നു. പിന്നെ ആരാണ് കൊലപാതകം നടത്തിയത്? രഞ്ജിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അനില്‍കുമാറെന്ന വ്യക്തി കുടുംബവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വീട്ടില്‍ ഇടയ്ക്കിടെ സഹായവുമായി എത്തിയിരുന്ന ഇയാള്‍ കൊലപാതക ദിവസവും വീട്ടിലുണ്ടായിരുന്നു. ഇയാളെക്കുറിച്ച് മറ്റു വിവരങ്ങള്‍ രഞ്ജിനിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു.
ആര്‍സി ബുക്കിലെ വിലാസം തിരുവനന്തപുരത്തെ ശ്രീകാര്യത്തെയായിരുന്നു. പാസ്റ്ററുടെ പേരിലായിരുന്നു ഇരുചക്രവാഹനം. വണ്ടി വില്‍ക്കാന്‍ രണ്ടു മാസം മുന്‍പ് ഉള്ളൂരിലെ കടയില്‍ ഏല്‍പ്പിച്ചിരുന്നതായി പാസ്റ്റര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. രണ്ടു യുവാക്കളാണു വാഹനം വാങ്ങിയതെന്നു കടയുടമ വെളിപ്പെടുത്തി. അനില്‍കുമാറെന്ന് പരിചയപ്പെടുത്തിയ ആളും ബൈക്കിലാണ് കൊലപാതകദിവസം രഞ്ജിനിയുടെ വീട്ടിലെത്തിയത്. അനില്‍കുമാര്‍ ആരാണ്? ദിവിലുമായി എന്താണ് ബന്ധം? പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അനില്‍കുമാറെന്ന് പരിചയപ്പെടുത്തിയ ആളിന്റെ രേഖാചിത്രം തയാറാക്കിയെങ്കിലും ഫലമുണ്ടായില്ല. വണ്ടി വില്‍ക്കുന്ന കടയിലെ ജീവനക്കാരനാണ് ആദ്യ സൂചന നല്‍കിയത്. വാഹനത്തിന്റെ ടയര്‍ മാറാന്‍ പോയപ്പോള്‍ കേശവദാസപുരത്തെ എടിഎമ്മില്‍നിന്ന് അജ്ഞാതനായ ആ യുവാവ് പണം പിന്‍വലിച്ചു എന്നായിരുന്നു സൂചന.
പൊലീസ് ബാങ്കിലെത്തി. അക്കൗണ്ടില്‍നിന്ന് പഠാന്‍കോട്ടില്‍നിന്നും 6000 രൂപ പിന്‍വലിച്ചതായി പരിശോധനയില്‍ കണ്ടെത്തി. പഠാന്‍കോട്ടിലാണ് ദിവിലും ജോലി ചെയ്യുന്നത്. പൊലീസില്‍ പ്രതീക്ഷയുണ്ടായി. അക്കൗണ്ടിന്റെ വിവരം എടുത്ത്, അക്കൗണ്ട് ഉടമ ജോലി ചെയ്യുന്ന പഠാന്‍കോട്ടിലെ പട്ടാള ക്യാംപിലെ അധികാരികളെ ബന്ധപ്പെട്ടു. അവര്‍ അക്കൗണ്ട് ഉടമയുടെ വിവരം കൈമാറി. പേര് രാജേഷ്. പുലര്‍ച്ചെ നാലു മണിക്കാണ് പൊലീസിന് ഫാക്‌സ് ലഭിക്കുന്നത്. പഠാന്‍കോട്ടില്‍നിന്ന് അയച്ച ഫോട്ടോയില്‍ വ്യക്തതയുണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ പൊലീസ് രഞ്ജിനിയുടെ വീട്ടിലേക്ക് തിരിച്ചു. ''സര്‍ താടിയുണ്ടെന്നേയുള്ളൂ, ബാക്കിയെല്ലാം വീട്ടില്‍വന്ന ആളിനെപോലെ തന്നെ''- രഞ്ജിനിയുടെ അമ്മ ശാന്തമ്മ പൊലീസിനോട് പറഞ്ഞു.
പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. രാജേഷിന്റെ അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടന്ന എടിഎമ്മുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. പട്ടം, ആയൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പണം പിന്‍വലിച്ചിട്ടുണ്ട്. നാസിക്കിലും ഡല്‍ഹിയിലും പണം പിന്‍വലിച്ചു. ഒരു മാസത്തോളം രാജേഷും ദിവിലും ഒരുമിച്ച് നാട്ടിലുണ്ടായിരുന്നതായും വിവരം ലഭിച്ചു. ദിവിലിനുവേണ്ടി രാജേഷ് കൊലപാതകം നടത്തിയെന്ന് പൊലീസിനു മനസ്സിലായി. ഇതിനിടെ ദിവില്‍ നാട്ടില്‍ വിളിച്ച് വിവരങ്ങള്‍ ആരായുന്നുണ്ടായിരുന്നു. ദിവിലിന്റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ കമാന്‍ഡറോട് പരാതി പറഞ്ഞ ദിവിലിനെ ഒരു പട്ടാളക്കാരനൊപ്പം നാട്ടിലേക്ക് അയച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ ദിവില്‍ മുങ്ങി. പിന്നീട് രാജേഷിനൊപ്പം ഒളിവില്‍പോയി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു പൊലീസ് പറയുന്നു. പഞ്ചാബിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്ക് നാല് ദിവസം എടുക്കുമായിരുന്നു. വിമാനത്തില്‍പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അപ്പോള്‍ തന്നെ ദിവിലിനെ പിടികൂടാമായിരുന്നെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിനു മുന്‍പ് ഇരുവരും ഒരുമിച്ച് കേരളത്തിലെത്തിയതിന്റെയും എടിഎമ്മില്‍നിന്ന് ഒരുമിച്ച് പണം പിന്‍വലിച്ചതിന്റെയും തെളിവുകള്‍ പൊലീസ് ശേഖരിച്ചു. നാസിക്കില്‍ ഒളിവിലായിരുന്നവരുടെ അടുത്തേക്ക് പൊലീസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒളിവില്‍പോയവരെ കണ്ടെത്താന്‍ കഴിയാതായതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പിന്നീട് സിബിഐയ്ക്ക് കൈമാറി. അവസാനം, വര്‍ഷങ്ങള്‍ക്കുശേഷം കേരള പൊലീസും സിബിഐയും ഒരുമിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി.
https://www.facebook.com/Malayalivartha