മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത് പ്രതിഷേധം
മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത് DMK പ്രവര്‍ത്തകരുടെ പ്രതിഷേധം. കസേരകളും വാതിലും തകര്‍ത്തു. ആവര്‍ത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രതിഷേധം. പിവി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.
ഓഫീസിനുള്ളില്‍ സംഘര്‍ഷഭരതമായ സാഹചര്യമായിരുന്നു. പെട്ടെന്നാണ് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ഡിഎഫ്ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കയറുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതില്‍ വനം വകുപ്പിനെ രൂക്ഷമായി പിവി അന്‍വര്‍ വിമര്‍ശിച്ചിരുന്നു.
ഓഫീസ് അടിച്ചുതകര്‍ത്ത് അകത്തുകയറിയ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരായാണ് പ്രതിഷേധമെന്നായിരുന്നു എംഎല്‍എയുടെ നിലപാട്. പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് കണ്ടതെന്നായിരുന്നു ആക്രമണത്തെക്കുറിച്ചുള്ള അന്‍വറിന്റെ പ്രതികരണം.
വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അന്‍വര്‍ ആരോപിച്ചു. പരുക്കറ്റ മണിയെ മണിക്കൂറുകള്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. 9 ദിവസത്തിനിടെ 6 പേരെ ആന കൊന്നുവെന്നും സര്‍ക്കാര്‍ എന്ത് ചെയ്‌തെന്നും അന്‍വര്‍ ചോദിച്ചു. എംഎല്‍എ എന്ന നിലയില്‍ തനിയ്ക്ക് ഒരു കോള്‍ പോലും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് എത്താന്‍ ഉള്ള വഴിയിലെ അടിക്കാടുകള്‍ പോലും വെട്ടുന്നില്ലെന്ന് എംഎല്‍എ ആരോപിച്ചു.
'പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് അവിടെ കണ്ടത്. അതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ പരിധിയുണ്ട്. ചെയ്യരുതെന്ന് പറയാന്‍ മാത്രമേ സാധിക്കൂ. ജനവികാരം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം. മന്ത്രി ഇതുവരെ ഈ വഴിക്ക് വരികയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിലിടപെടാന്‍ അവര്‍ തയ്യാറാവണം', പി വി അന്‍വര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha