നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്‍വര്‍; പിണറായിയും ശശിയും തന്നെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍. അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിണറായി വിജയന്റേത് ഭരണകൂട ഭീകരതയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്റെ ആദ്യപ്രതികരണം.
ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്നു അറസ്റ്റിനു മുന്നേ അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മണിയെ ആന ചവിട്ടി കൊന്നതില്‍ സ്വാഭാവികമായ പ്രതിഷേധമാണ് നടന്നത്. നിയമത്തിനു വഴങ്ങി ജീവിക്കും, താനൊരു നിയമസഭാ സാമാജികനാണ്. പൊലീസ് നടപടികളില്‍ അസ്വാഭാവികതയുണ്ട്. പിണറായിയും ശശിയും തന്നെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പന്‍മാരാണ് ഇവിടെ ജാമ്യത്തില്‍ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കില്‍ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങള്‍ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാന്‍ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാള്‍ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.
നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്റെ വീട്ടിലെത്തിയത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പി വി അന്‍വറാണ് കേസിലെ ഒന്നാം പ്രതി. കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള നടപടിയില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha