എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദര്‍ശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു....
എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദര്‍ശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാണ് ശരണം വിളികളുടെ അകമ്പടിയോടെ സംഘം മല കയറാന്‍ യാത്രയായത്.
ഞായറാഴ്ച രാത്രിയോടെ അയ്യപ്പന്മാര്‍ ഇരുമുടിക്കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയിരുന്നു.
പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി സമൂഹപ്പെരിയോനു കൈമാറി. പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലാണ് തിടമ്പു കൊണ്ടുപോകുന്നത്.
35 മാളികപ്പുറങ്ങള്‍ ഉള്‍പ്പെടെ 250 ഓളം സ്വാമി ഭക്തര്‍ യാത്രയെ അനുഗമിക്കും. സംഘം രക്ഷാധികാരി കളത്തില്‍ ചന്ദ്രശേഖരനാണ് സംഘത്തെ യാത്രയാക്കിയത്. ആദ്യദിനത്തില്‍ അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളില്‍ സംഘം ദര്‍ശനം നടത്തും.
12 മണിയോടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ശ്രീ കൃഷ്ണപ്പരുന്തിനെ ദര്‍ശിക്കുന്നതോടെ തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ട തുള്ളല്‍ ആരംഭിക്കും. പേട്ടതുള്ളലിന് അനുവാദം നല്‍കുന്നതിനും പേട്ടതുള്ളലില്‍ പങ്കെടുക്കുന്നവരെയും ദര്‍ശിക്കുന്നവരെയും അനുഗ്രഹിക്കുവാനായി ഭഗവാന്‍ ഗരുഡാരൂടനായി എത്തുന്നു എന്നതാണ് വിശ്വാസം. കൊച്ചമ്പലത്തില്‍ നിന്ന് ഇറങ്ങുന്ന പേട്ടതുള്ളല്‍ നേരെ വാവര് പള്ളിയില്‍ പ്രവേശിക്കും. കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും പള്ളി ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കുന്നതാണ്.
വാവര്‍ പ്രതിനിധി സംഘത്തോടൊപ്പം വലിയ അമ്പലത്തിലേക്ക് നീങ്ങും. അമ്പലപ്പുഴ സമൂഹ പെരിയോനും വാവര്‍ പ്രതിനിധിയും തോളോട് തോള്‍ ചേര്‍ന്ന് എരുമേലിയുടെ വീഥികളിലൂടെയുള്ള യാത്ര മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമാണ്. ക്ഷേത്രത്തിലെത്തുന്ന വാവര്‍ പ്രതിനിധിയെയും സമൂഹ പെരിയോനൊപ്പം ആചാരപരമായി സ്വീകരിക്കും. ക്ഷേത്രപ്രദക്ഷിണശേഷം നമസ്‌കാരം നടത്തുന്നതോടെ പേട്ട തുള്ളലിന് സമാപനമാകും.
മകരവിളക്ക് ദിവസമായ 14ന് രാവിലെ നെയ്യ് അഭിഷേകവും അത്താഴപൂജയ്ക്ക് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും. അമ്പലപ്പുഴയില്‍ നിന്നും സ്വാമിമാര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന കാര എള്ള്, ശര്‍ക്കര,നെയ്യ്,തേന്‍, കല്‍കണ്ടം, മുന്തിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന എള്ള് പായസമാണ് ദേവന് നിവേദിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനുശേഷം അമ്പലപ്പുഴക്കാരുടെ കര്‍പ്പൂരാഴി പൂജ നടക്കും.
മകരവിളക്കിന് പിറ്റേദിവസം മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാം പടിയിലേക്ക് ശീവേലി എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം ദര്‍ശിച്ച് പത്ത് നാള്‍ നീളുന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങുകയും ചെയ്യും. .
" f
https://www.facebook.com/Malayalivartha