നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം: പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
ആദിവാസി യുവാവ് മണിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം നടന്നത് പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് ചവിട്ടി പരുക്കേല്‍പ്പിച്ചു. ഫോറസ്റ്റ് ഓഫിസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറസ്റ്റ് ഓഫിസ് അക്രമത്തിന്റെ പേരില്‍ ഇന്നലെ രാത്രിയാണ് വീടു വളഞ്ഞ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
40 അംഗ സംഘമാണ് ഓഫിസ് ഉപരോധത്തിന് എത്തിയത്. ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കണ്ടാലറിയാവുന്ന പത്തു പേര് നോര്‍ത്ത് ഡിഎഫ്ഒയുടെ ഓഫിസിലേക്ക് അതിക്രമിച്ചു കയറി.
സ്ഥലത്തുണ്ടായിരുന്ന പി.വി.അന്‍വറാണ് ആക്രമണത്തിനു പ്രേരണയും നേതൃത്വവും നല്‍കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുളായിയില്‍ ആദിവാസി യുവാവ് മണിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചത്.
https://www.facebook.com/Malayalivartha