നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും
ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ റിമാന്റിലായ പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും. ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദ് എന്നിവരുമാണ് അന്‍വറിനെ ജയിലിലെത്തി കണ്ടത്. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കള്‍ അന്‍വറിനെ അറിയിച്ചു. സന്ദര്‍ശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം.
ഹാപ്പിയാണെന്ന് അന്‍വര്‍ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അന്‍വര്‍ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും ഇരുവരും അറിയിച്ചു. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസിലാണ് അന്‍വര്‍ എംഎ.എ റിമാന്റിലായത്. തവനൂര്‍ ജയിലിലാണ് അന്‍വര്‍ കഴിയുന്നത്. തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു.
14 ദിവസത്തേക്കാണ് അന്‍വറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്റെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അന്‍വറിന്റെ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha