24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്
സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ, മകന് കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്നും ശോഭ സുരേന്ദ്രന് ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. കായംകുളത്ത് ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. പ്രതിഭ എംഎല്‍എയുടെ മകന് രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും ശോഭ ചോദിച്ചു.
''അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു.പ്രതിഭ എംഎല്‍എയെപ്പോലൊരു പൊതുപ്രവര്‍ത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകന് തെറ്റു ചെയ്താല്‍ അമ്മയാണോ ഉത്തരവാദി? സാംസ്കാരിക മന്ത്രിക്കു സംസ്കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.''- ശോഭ പറഞ്ഞു.
ജി.സുധാകരന് അഴിമതിരഹിതമായി ഭരിച്ച പൊതുമരാമത്ത് വകുപ്പില്‍ മുഖ്യമന്ത്രിയും മരുമകനും ചേര്‍ന്നു കുടുംബാധിപത്യവും അഴിമതിയും നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആരോപിച്ചു. കായംകുളത്തു മറ്റു പാര്‍ട്ടികളില്‍നിന്നു ബിജെപിയില്‍ ചേര്‍ന്നവരെ സ്വീകരിക്കുന്ന ജനമുന്നേറ്റ സദസ്സില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും. സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം സാക്കിര്‍ ഹുസൈന് ഉള്‍പ്പെടെ 51 പേരും കോണ്‍ഗ്രസില്‍നിന്നു 46 പേരും ഉള്‍പ്പെടെ 218 പേര് ബിജെപിയില്‍ ചേര്‍ന്നതായി നേതാക്കള്‍ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha