മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു
മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. ഡിസംബര്‍ 31ന് 150000ല്‍ പരം ആളുകള്‍ ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി എത്തിയ ദിവസം ഇതാണ്. മണ്ഡലകാലത്തിന് ശേഷം മകര വിളക്കിനായി ശബരിമല നട തുറന്നത് മുതല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ചില ദിവസങ്ങളില്‍ പോലീസിന് പമ്പയില്‍ നിന്ന് തന്നെ ഭക്തരെ തടയേണ്ടി വന്നു. ജനുവരി 6ന് ഒരു മണി വരെ 40,000ലേറെ ഭക്തരാണ് ദര്‍ശനം നടത്തിയത്.
സത്രം പുല്ലുമേട് കാനനപാത വഴിയുള്ള പ്രവേശന സമയം ഒരു മണിക്കൂര്‍ കൂടി കൂട്ടാന്‍ ധാരണയായി. നിലവില്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കാനന പാതയിലേക്ക് പ്രവേശിക്കാനാവുക. മകരവിളക്കിന് മുന്നോടിയായി പൂര്‍ണ്ണശേഷിയുള്ള ജലശുദ്ധീകരണം വാട്ടര്‍ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ 18 മണിക്കൂര്‍ ജലശുദ്ധീകരണമാണ് നടക്കാറുള്ളതെങ്കിലും തിരക്ക് കൂടുന്നതിനാല്‍ 13 ദശലക്ഷം ലിറ്ററിന്റെ ജലശുദ്ധീകരണശേഷി പൂര്‍ണ്ണമായും വിനിയോഗിക്കാനാണ് 24 മണിക്കൂറൂം ജലശുദ്ധീകരണം ആരംഭിച്ചത്.
ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം ലഭിച്ചു. ഇത് കൂടാതെ കാണിക്ക, അരവണ വില്പന എന്നിവയിലൂടെയും അധിക വരുമാനം വര്‍ദ്ധിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയില്‍ ഇത്തവണ അധികമായി എത്തിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 26 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനം ദേവസ്വം ബോര്‍ഡിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 215 കോടി ആയിരുന്നു. അരവണ വില്പനയിലൂടെയാണ് അധിക വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha