വനം നിയമ ഭേദഗതി നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ... നിയമമാകുന്നതോടെ ക്രൈസ്തവസഭകളുടെ ആവശ്യം സർക്കാർ പൂർണമായി തള്ളി... അടിയറവ് പറയേണ്ടതില്ലെന്നാണ് പിണറായിയുടെ നിലപാട്...
വനം നിയമ ഭേദഗതി നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ നിയമമാകുന്നതോടെ ക്രൈസ്തവസഭകളുടെ ആവശ്യം സർക്കാർ പൂർണമായി തള്ളി. ഇപ്പോൾ രൂപം നൽകിയിട്ടുള്ള നിയമത്തിൽ യാതൊരു മാറ്റവും സാധ്യമല്ലെന്ന് മുഖ്യമന്ത്രിയും വനം മന്ത്രിയും നിലപാട് എടുത്തതോടെയാണ് നിയമം നിയമസഭയിലേക്ക് നീങ്ങുന്നത്. പി വി. അൻവർ എം എൽ എ നിയമഭേദഗതിക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ ഒരു കാരണവശാലും അടിയറവ് പറയേണ്ടതില്ലെന്നാണ് പിണറായിയുടെ നിലപാട്. യു ഡി എഫ് നേതൃത്വം അൻവറിന് പിന്നിൽ അണി നിരന്നതും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാരിനെ എത്തിച്ചു.
വനനിയമ ഭേദഗതി സംബന്ധിച്ച് നവംബർ ഒന്നിന് ഗസറ്റ് വിജ്ഞാപനം വന്നിരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരവും നൽകിയിരുന്നു. ജനുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഈ നിയമ ഭേദഗതി ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് ഇടുക്കിയിലെ കർഷകരെ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കർഷകരെ കുടിയിറക്കാനും വേട്ടയാടാനും വനംവകുപ്പ് ഈ നിയമഭേദഗതി ഉപയോഗിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
1961-ലെ കേരള വനനിയമം ഭേദഗതിചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈറേഞ്ചിലെ കുടിയേറ്റ കർഷകർ രംഗത്തെത്തി കഴിഞ്ഞു . വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്. വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിചെയ്ത വനനിയമത്തിൽ നിർദേശിക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാകുമോയെന്ന ആശങ്കയാണ് കർഷകർ പങ്കുവെക്കുന്നത്.
ഇടുക്കിയിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയിൽ താമസിക്കുന്നവരാണ്. പലർക്കും സ്ഥലത്തിന് പട്ടയമില്ല. ആകെയുള്ളത് കൈവശരേഖയാണ്. വനാതിർത്തിയിൽനിന്നും ചെറിയ വിറക് കഷണങ്ങൾ ശേഖരിച്ചാണ് കുടിയേറ്റകാലം മുതൽ ഇവർ അടുപ്പ് കത്തിച്ചിരുന്നത്. വനാതിർത്തിയിലെ പുഴകളിൽനിന്നും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും തോട്ടിൽ കുളിക്കുന്നതും മറ്റാവശ്യങ്ങൾക്കായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതും ഇരുടെ ജീവിതരീതിയുടെ ഭാഗമാണ്. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇതെല്ലാം വലിയ കുറ്റകൃത്യങ്ങളായി മാറും. ശിക്ഷയായി തടവ് അനുഭവിക്കുകയോ വൻ പിഴ അടയ്ക്കുകയോ ചെയ്യേണ്ടതായും വരുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
വനനിയമത്തിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിനുള്ളിൽ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താൽ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളിൽ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിപ്പിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നൽകുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലിൽ വെയ്ക്കാം. വനംവകുപ്പ് വാച്ചർമാർക്കു വരെ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥകളുമുണ്ട്.
വനനിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്ന് സി.പി.എമ്മും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പിന് പോലീസിന്റെ അധികാരം നൽകുന്ന തെറ്റായ നിയമഭേദഗതിയാണ് കൊണ്ടുവന്നത്. വനസംരക്ഷണമാണ് വനംവകുപ്പിൻ്റെ ചുമതല. പോലീസിൻ്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം ജനങ്ങൾക്ക് ദോഷമാണ്. വനനിയമ ഭേദഗതിയിലെ സെക്ഷൻ 52 പ്രകാരം വനവുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യം നടന്നു എന്ന ബോധ്യപ്പെട്ടാൽ പങ്കെടുത്ത ആളുടെ വീട്, വാഹനം, സ്ഥലം എന്നിവയെല്ലാം വാറന്റില്ലാതെ പരിശോധിക്കാൻ പുതിയ നിയമം അനുമതി നൽകുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തെറ്റായ അറസ്റ്റോ കേസെടുക്കലോ ആണ് ഉണ്ടായിട്ടുള്ളതെന്ന് തെളിയിക്കപ്പെട്ടാൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ആറുമാസം തടവും 200 രൂപ പിഴയും ചുമത്തണമെന്നാണ് നിലവിലെ നിയമം.
ഇത് രണ്ടും വർധിപ്പിച്ചിട്ടില്ല. വനം വകുപ്പിനെ സമാന്തര സർക്കാരായി പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ടുള്ളതാണ് നിയമ ഭേദഗതിയെന്നും ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.നിയമത്തിൽ കുഴഞ്ഞത് കേരള കോൺഗ്രസാണ്. നിർദിഷ്ട വനംഭേദഗതി നിയമം സഭയിലെത്തുമ്പോൾ അവർക്ക് എതിർക്കാതിരിക്കാൻ കഴിയില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിർക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് വ്യക്തമാക്കി കഴിഞ്ഞു. വനംമന്ത്രി എ.കെ ശശീന്ദ്രനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയതോടെ ബുദ്ധിമുട്ടിലായതും കേരള കോൺഗ്രസാണ്.
.
ജനങ്ങള്‍ക്കുവേണ്ടി ഒരു ചുക്കും ചെയ്യാത്ത വനംമന്ത്രിയെ മാറ്റാത്തത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസ് വനം മന്ത്രിയായാല്‍ വനംനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് അൻവർ ആരോപിച്ചു. വനം മന്ത്രിയെ എന്താണ് മാറ്റാത്തത്. എന്‍സിപിയുടെ പ്രസിഡന്റാണ് ആ പാര്‍ട്ടിയുടെ മന്ത്രിയെ മാറ്റാന്‍ പറഞ്ഞത്. മാറ്റാത്തതിന്റെ കാരണം എന്താണെന്ന് ജനം അറിയണം. മാറ്റേണ്ടിവന്നാല്‍ വനംനിയമ ഭേദഗതി ഒപ്പിടേണ്ടത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസാണ്. അദ്ദേഹം മന്ത്രിയായി വന്നാല്‍ ഭേദഗതിയില്‍ ഒപ്പിടുമെന്ന് തോന്നുന്നുണ്ടോ? ആ സമുദായത്തില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കും. അയാള്‍ക്ക് ഈ നാട്ടിലിറങ്ങാന്‍ കഴിയില്ല. ക്രൈസ്തവ സമൂഹമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത്. അവര്‍ സ്വാഭാവികമായും എതിര്‍ക്കില്ലേ?
വനംനിയമ ഭേദഗതി പാസാകുംമുമ്പ് തോമസ് കെ തോമസിന്റെ കൈയിലേക്ക് മന്ത്രിപദം നല്‍കിയാല്‍ ബില്‍ പാസാകില്ലെന്ന് പിണറായിക്കറിയാം. ഇത്തരത്തില്‍ എല്ലാ പഴുതുകളും അടച്ചിരിക്കുകയാണ്. പത്രത്തില്‍ പരസ്യം നല്‍കിയിട്ടില്ല. പുറത്ത് പ്രസിദ്ധീകരിച്ചിട്ടില്ല. ഗസറ്റ് വിജ്ഞാപനം ചെയ്തുവെന്നാണ് പറയുന്നത്. ഗസറ്റ് ആരാണ് കാണുക?സംസ്ഥാനത്തെ വനംമന്ത്രിയുടെ സ്ഥിതി എന്താണ്? ഒരു ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നിട്ട് തിരിഞ്ഞുനോക്കിയോ? വൈകീട്ട് 6.30-ന് അപകടമുണ്ടായിട്ട് 11 മണിക്കാണ് ആശുപത്രിയിലെത്തിച്ചത്. ചോരവാര്‍ന്നാണ് യുവാവ് മരിച്ചത്. 'അയാളുടെ ഫോറസ്റ്റ് ഓഫീസില്‍കയറി ജനം ചില്ല് അടിച്ചുതകര്‍ത്തതാണ് വലിയ പ്രശ്‌നം. മറ്റ് എംഎല്‍എമാര്‍ എന്റെയടുത്തുവന്ന് സംസാരിച്ച് പ്രശ്‌നം പരിഹമിക്കുന്നുവെന്ന് പറയുന്നു. ഞാന്‍ ഇനി അയാളുടെ അണ്ടിപ്പരിപ്പ് തിന്നാന്‍ തിരുവനന്തപുരത്ത് പോകണോ?
കുറേ അണ്ടിപ്പരിപ്പ് തിന്നതാണ്. വരുന്നവരെയെല്ലാം സോപ്പാക്കി വിടുകയാണ്. അയാള്‍ക്ക് എന്താണ് പണി. ഈ വനം മന്ത്രിയുടെ സംഭാവന എന്താണ്. മൂന്നര കൊല്ലത്തിനിടെ കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് ചുക്കാണ് അയാള്‍ ചെയ്തത് - പി.വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.യു.ഡി.എഫ്. പ്രവേശന ചർച്ചകൾക്കിടെയാണ് പി.വി. അൻവർ എം.എൽ.എ. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ല എന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്തതെന്നും ഇക്കാര്യത്തിൽ തങ്ങൾ പിന്തുണ അറിയിച്ചുവെന്നും അൻവർ പറഞ്ഞു. അതേസമയം, അൻവറുമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യങ്ങൾ യു.ഡി.എഫ്. ആയിരിക്കും തീരുമാനിക്കുക എന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി.
യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച ചർച്ച നടത്താനല്ല, മലയോരജനതയുടെ കഷ്ടപ്പാട് ചർച്ച ചെയ്യാനാണെന്ന് പാണക്കാട് എത്തിയത്. യു.ഡി.എഫ്. പ്രധാന ഘടകകക്ഷി എന്ന നിലയ്ക്ക് വനഭേദഗതി ബില്ലിനെ എതിർക്കാനുള്ള പിന്തുണ തേടിയാണ് എത്തിയത്. പിണറായി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. അതിനെക്കുറിച്ചാണ് തങ്ങളുമായി ചർച്ച നടത്തിയത്. അടുത്തതായി പ്രതിപക്ഷ നേതാവിനേയും യു.ഡി.എഫിലെ മറ്റ് നേതാക്കളേയും ഘടകകക്ഷികളേയും കാണും. ഇതേ കാര്യങ്ങളിൽ ചർച്ച നടത്തും. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് യു.ഡി.എഫ്. ചർച്ച ചെയ്ത് തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവർ പറഞ്ഞു.
അൻവർ ഉയർത്തിപ്പിടിക്കുന്ന പ്രശ്നത്തിൽ യു.ഡി.എഫിന് എതിർപ്പില്ലെന്നും പുതിയ വനനിയമ ഭേദഗതി സർക്കാർ പുനരാലോചിക്കണമെന്നാണ് അഭിപ്രായമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അതേസമയം, അൻവറിനെ പാർട്ടിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ആണ് പ്രതികരിക്കേണ്ടതെന്നും തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ അധികാരത്തിലേക്ക് തിരിച്ചുവരാൻ ആവശ്യമായ എല്ലാ കാര്യങ്ങളും യു.ഡി.എഫ്. ചെയ്യുമെന്നും അതിന് ഉതകുന്ന തീരുമാനങ്ങളാവും ഉണ്ടാവുക എന്നും തങ്ങൾ പറഞ്ഞു.
വനനിയമത്തിലെ ഭേദഗതി കുറച്ച് സങ്കീർണമാണ്. അക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാകേണ്ടത്. അതിലെ സങ്കീർണതകൾ പരിഹരിക്കേണ്ടതുണ്ട്. വനമേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം യു.ഡി.എഫ്. ചെയ്യും. 10 വർഷമായി യു.ഡി.എഫ്. അധികാരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇനിയും അത് തുടരാനാവില്ല. അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും യു.ഡി.എഫിന്റെ തീരുമാനങ്ങളിൽ ഉണ്ടാകും, തങ്ങൾ പറഞ്ഞു.
സി.പി.എം സൈബർ സംഘങ്ങളുടെ മുൻനിര പോരാളിയായിരുന്നു ഒരിക്കൽ പി.വി അൻവർ. പ്രതിപക്ഷ നേതാക്കളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കടന്നാക്രമിക്കുന്ന സ്വഭാവം. മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും അൻവറിന്റെ വാക്കുകളുടെ ചൂട് പലവട്ടമറിഞ്ഞു. അന്ന് അൻവറിന് സൈബർ പോരാളികളുടെ പിന്തുണ ആവോളമുണ്ടായിരുന്നു. എന്തിന് മുഖ്യമന്ത്രി പോലും പിന്തുണച്ചു. ഇതിന് പിന്നാലെ പോലീസിനെയും പാർട്ടിയെയും തിരുത്താനിറങ്ങിയ അൻവറിൻറെ ഇടപെടലുകളാണ് അൻവറിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്തിച്ചതെന്ന് വേണമെങ്കിൽ പറയാം.
എഡിജിപി അജിത് കുമാറിനേതിരേയും മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരേയും വിമർശിച്ച് തുടങ്ങിയ അൻവർ അവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഒടുവിൽ അൻവർ ജയിലിലേക്ക് പോവുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഫോറസ്റ്റ് ഓഫീസ് ആക്രമമെന്ന ജാമ്യമില്ലാ കേസുകൂടി ലഭിച്ചതോടെ പോലീസിന് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു.
പോലീസിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരാതി എഴുതി വാങ്ങി വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും പാർട്ടിയും ആദ്യം ശ്രമിച്ചത്. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മാധ്യമങ്ങളെ കണ്ട അൻവർ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷേ, ആരോപണങ്ങൾ അവിടെ അവസാനിച്ചില്ല. ആരോപണങ്ങൾ എഡിജിപി എംആർ അജിത്ത് കുമാറിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയിലേക്കും കടുപ്പിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. ഇത് അൻവറിന് ഇടതുനിരയിൽനിന്ന് പുറത്തേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.
അൻവറിന്റെ ആരോപണങ്ങളിലെ പ്രധാനിയായിരുന്ന മലപ്പുറം മുൻ എസ്. പി. എസ് സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്ത് വിവാദം അവസാനിപ്പിക്കാൻ സർക്കാർ ശ്രമം നടന്നിരുന്നു. എന്നാൽ, ഇവിടംകൊണ്ടും തൃപ്തനാകാൻ അൻവർ തയ്യാറല്ലന്നതായിരുന്നു പിന്നീടുള്ള പ്രതികരണം. നിരന്തരം വാർത്താസമ്മേളനം വിളിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ആരോപണങ്ങൾ പി വി അൻവർ തുടർന്നു. ഇതോടെ അൻവർ സി.പി.എമ്മിന്റെ കണ്ണിലെ കരടാവുകയും ചെയ്തു. പല പാർട്ടികളിലേക്കും ചേക്കേറാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവിൽ ഡി.എം.കെ എന്ന കക്ഷിയുണ്ടാക്കി. ചേലക്കരയിൽ ഡി.എം.കെയുടെ സ്ഥാനാർഥി മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ പിന്നീട് അൻവറിന് കഴിഞ്ഞില്ല.
ഇതിനിടെയാണ് വന്യജീവി ആക്രമത്തിനെതിരേയുള്ള മാർച്ച് നടത്താൻ അൻവറും സംഘവും രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം കരുളായിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൂടിയുണ്ടായതോടെ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തു. തുടർന്നാണ് അൻവറിൻറെ അറസ്റ്റിൽ കലാശിച്ചത്.
ഏതായാലും അൻവറിനോടുള്ള വൈരാഗ്യത്തിൽ പിണറായി കടയ്ക്കൽ കത്തിവയ്ക്കുകയാണ് ചെയ്യുന്നത്. വനനിയമ ഭേദഗതി പാസായാൽ ഒരു പ്രബല സമുദായം ഇടതുമുന്നണിക്ക് എതിരാകും. കേരള കോൺഗ്രസ്സ് എമ്മിനും മറിച്ചൊരു തീരുമാനം എടുക്കാനാവില്ല.
https://www.facebook.com/Malayalivartha