നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പൊലീസ് കേസെടുത്തു
തുടര്‍ച്ചയായി തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തയതിനെതിരെ നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ബിഎന്‍എസ് 75 (4) വകുപ്പും ഐടി ആക്ടിലെ 67-ാം വകുപ്പും ചുമത്തി. സെന്‍ട്രല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല സംഭാഷണത്തിനെതിരെ ചുമത്തുന്നതാണ് ഭാരതീയ ന്യായസംഹിതയിലെ 75 (4) വകുപ്പ്.
ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഉള്ളതാണ് ഐടി ആക്ടിലെ 67 വകുപ്പ്. പരിശോധനകള്‍ക്കു ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെങ്കില്‍ അതും ഉള്‍പ്പെടുത്തും. ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും തന്നെ നിരന്തരമായി അപമാനിക്കുന്നു എന്നു കാണിച്ചാണ് ഹണി റോസ് ഇന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.
2024 ഓഗസ്റ്റില്‍ ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിനു ചെന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെത്തുടര്‍ന്ന് ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളില്‍ നിന്ന് താന്‍ പിന്മാറിയതും പരാതിയില്‍ പറയുന്നു. പിന്നീടും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ നിരന്തരം അവഹേളിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങളും പരാതിയിലുണ്ട്.
ഒരു വ്യവസായിയില്‍ നിന്നു താന്‍ നിരന്തരം അധിക്ഷേപം നേരിടുന്നുവെന്ന് കാട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെ ഹണി റോസ് വലിയ തോതിലുള്ള അധിക്ഷേപത്തിന് ഇരയായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയില്‍ 30 പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും ബോബി ചെമ്മണൂര്‍ അവഹേളനം തുടര്‍ന്നതോടെയാണ് പരാതി നല്കാന് നടി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha