അവഹേളനത്തിന് പിന്നിലെന്ത്... ഹണി റോസിന് പിന്തുണ അറിയിച്ച് വനിതാ സിനിമാ പ്രവര്‍ത്തകര്‍; ബോബി ചെമ്മണൂരിനെതിരെ കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം; പരിപാടികളില്‍ നിന്ന് പിന്മാറിയതില്‍ അവഹേളിച്ചെന്ന് ഹണി റോസ്
ഹണി റോസിന് പിന്തുണ കൂടുന്നു. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവള്‍ക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
'ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു' എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.
സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. ഇന്നലെ ഇദ്ദേഹത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നേരിട്ടെത്തി താരം പരാതി നല്‍കുകയും ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ബിഎന്‍എസ് 75 (4) വകുപ്പും ഐടി ആക്ടിലെ 67ാം വകുപ്പും ചുമത്തി. സെന്‍ട്രല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല സംഭാഷണത്തിനെതിരെ ചുമത്തുന്നതാണ് ഭാരതീയ ന്യായസംഹിതയിലെ 75 (4) വകുപ്പ്.
ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഉള്ളതാണ് ഐടി ആക്ടിലെ 67 വകുപ്പ്. പരിശോധനകള്‍ക്കു ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെങ്കില്‍ അതും ഉള്‍പ്പെടുത്തും. ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും തന്നെ നിരന്തരമായി അപമാനിക്കുന്നു എന്നു കാണിച്ചാണ് ഹണി റോസ് ഇന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.
2024 ഓഗസ്റ്റില്‍ ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിനു ചെന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെത്തുടര്‍ന്ന് ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളില്‍ നിന്ന് താന്‍ പിന്മാറിയതും പരാതിയില്‍ പറയുന്നു. പിന്നീടും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ നിരന്തരം അവഹേളിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങളും പരാതിയിലുണ്ട്.
ഒരു വ്യവസായിയില്‍ നിന്നു താന്‍ നിരന്തരം അധിക്ഷേപം നേരിടുന്നുവെന്ന് കാട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെ ഹണി റോസ് വലിയ തോതിലുള്ള അധിക്ഷേപത്തിന് ഇരയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ 30 പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും ബോബി ചെമ്മണൂര്‍ അവഹേളനം തുടര്‍ന്നതോടെയാണ് പരാതി നല്‍കാന്‍ നടി തീരുമാനിച്ചത്.
അതേസമയം താന്‍ അവഹേളിച്ചിട്ടില്ല എന്ന നിലപാടിലാണ് ബോബി ചെമ്മണ്ണൂര്‍.
https://www.facebook.com/Malayalivartha