ബോബിയെ ആരും അറിയാതെ പൊക്കി: ലോക്കല്‍ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തതിനു പിന്നാലെയാണു പൊലീസ് നടത്തിയത് മിന്നല്‍ നീക്കം. കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ലോക്കല്‍ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം. ഒളിവില്‍ പോകുന്നതിനും മുന്‍കൂര്‍ ജാമ്യത്തിനുമുള്ള നീക്കമാണ് പൊലീസ് പൊളിച്ചത്.
എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. വയനാട് മേപ്പാടിയില്‍ '1000 ഏക്കര്‍' എന്ന പേരില്‍ ബോബിക്ക് തേയില എസ്റ്റേറ്റും റിസോര്‍ട്ടുമുണ്ട്. ഈ റിസോര്ട്ടില്വച്ചാണു രാവിലെ പൊലീസ് പിടികൂടിയത്.
രണ്ട് ദിവസമായി ബോബി വയനാട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. റിസോര്‍ട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോയി.
ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം പൊലീസ് വയനാട്ടില്‍ എത്തിയത്. രാവിലെ ഏഴരയോടെ റിസോര്‍ട്ടില്‍ എത്തിയ സംഘം ഒന്‍പതു മണിക്ക് ബോബിയെ കസ്റ്റഡിയില്‍ എടുത്തു. എആര്‍ ക്യാംപിലേക്കു കൊണ്ടുവരുന്നതിനിടെയാണു വിവരം പുറത്തറിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ബോബിയെ എആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha