അശ്ലീല പരാമര്‍ശം: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍
അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് നടി ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പോലീസിന് കൈമാറിയിരുന്നു. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.
ബോബി ചെമ്മണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം നടി തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ''താങ്കളുടെതന്നെ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകെയുണ്ടാകും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ. ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു'' -അവര്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
വയനാട്ടിലെ തന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.തുടര്‍ന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാനായിരുന്നു നീക്കം. മുന്‍ കൂര്‍ജാമ്യ ഹര്‍ജി നല്‍കാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha