അശ്ലീലപരാമര്‍ശം നടത്തിയ കേസ്: പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി
അശ്ലീലപരാമര്‍ശം നടത്തിയെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.
സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെ വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
ഇതിനിടെ നടി ഹണി റോസ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha