ഐ ഫോണ്‍ എല്ലാം പറയും... ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള പഴുതുകളടച്ച് പോലീസ്; രാത്രി കഴിഞ്ഞത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍, പുലര്‍ച്ചെയും വൈദ്യപരിശോധന; ഇന്ന് കോടതിയില്‍ ഹാജരാക്കും
പത്ത് പണോം ഉഗ്രന്‍ വക്കീലും ഉണ്ടെങ്കില്‍ എന്തും പറയാമെന്നത് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തില്‍ തെറ്റി. നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലര്‍ച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.
ബോബി ചെമ്മണ്ണൂരിന്റെ ഫോണ്‍ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് വളപ്പില്‍ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. വൈകിട്ട് 7 മണിയോടെ എറണാകുളത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നല്‍കിയില്ല.
അതിനിടെ ഹണിറോസിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തി ആണ് ഹണി മൊഴി നല്‍കിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങള്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.
ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയെ സമൂഹമധ്യത്തില്‍ അശ്ലീല ധ്വനിയോടെ അപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിലുള്ളത്.
പിന്നീട് മറ്റൊരു ചടങ്ങില്‍ പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാന്‍ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. തുടര്‍ന്ന് സമാനമായ പരാമര്‍ശങ്ങള്‍ ജാങ്കോ സ്‌പേയ്‌സ് എന്ന യൂട്യൂബ് ചാനല്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്.
അതേസമയം തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. മുഖ്യമന്ത്രിക്കും കേരള പൊലീസിനും ഹണി റോസ് നന്ദി പറയുന്നു.
"
https://www.facebook.com/Malayalivartha