ആരിഫ് ഖാനല്ല ഇത്... നയ പ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി; കേന്ദ്ര സര്‍ക്കാരിനെതിരേ നയപ്രഖ്യാപനത്തിലെ രൂക്ഷ വിമര്‍ശനങ്ങങ്ങളെ ഗവര്‍ണര്‍ എതിര്‍ക്കാന്‍ സാധ്യത
ആരിഫ് മുഖമ്മദ് ഖാന്‍ തുടങ്ങി വച്ച വിവാദം രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് പല കോണില്‍ നിന്നും ഉയരുന്നത്. നിയമസഭയില്‍ ഇത് ഉടനറിയാം.
പുതുവര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഗവര്‍ണര്‍ സഭയില്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. 17നാണ് സഭ തുടങ്ങുന്നത്. കേന്ദ്രസര്‍ക്കാരിനെതിരേ നയപ്രഖ്യാപനത്തിലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വായിക്കുമോ എന്നതിവാണ് ആകാംക്ഷ. ഇന്നലെ ഗോവയിലേക്ക് പോയ ഗവര്‍ണര്‍ 13ന് തിരിച്ചെത്തും.
വിവധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അഡി. ചീഫ്‌സെക്രട്ടറി ഡോ. എ ജയതിലക് തയ്യാറാക്കിയ നയപ്രഖ്യാപന കരടിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മന്ത്രിസഭാ ഉപസമിതി ഇനി ഇത് ക്രമപ്പെടുത്തിയ ശേഷം രാജ്ഭവനിലേക്ക് അനുമതിക്ക് അയയ്ക്കും.
കേരളത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലും വായ്പാ പരിധി ഉയര്‍ത്താന്‍ അനുവദിക്കാത്തതിലും അടക്കം കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നയപ്രഖ്യാപനത്തിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയില്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ രണ്ട് ഖണ്ഡിക വായിച്ച് നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയിരുന്നു.
സാദ്ധ്യതകള്‍ ഇങ്ങനെയാണ്. ഒന്ന് തനിക്ക് അതൃപ്തിയുള്ള ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നൊഴിവാക്കണമെന്ന് ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാം. രണ്ട്, നയപ്രഖ്യാപനത്തില്‍ ഭേദഗതി വരുത്താന്‍ നിര്‍ദ്ദേശിക്കാം. ഒഴിവാക്കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.3)വിയോജിപ്പുള്ള ഭാഗങ്ങള്‍ വായിക്കാതെ വിടാം. മുഴുവന്‍ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാല്‍ നയപ്രഖ്യാപനമെന്ന് കണക്കാക്കും.
അതേസമയം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവും ഗവര്‍ണര്‍ക്കനുകൂലമായി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണര്‍മാരുടെ വരുതിയിലാക്കാനുള്ള യുജിസി കരടു ചട്ടങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും രംഗത്തെത്തി.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതി ഒളിച്ചു കടത്തുകയാണെന്നു മുഖ്യമന്ത്രി ആരോപിച്ചു. വി.സി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റി രൂപീകരണം പോലും ചാന്‍സലറുടെ (ഗവര്‍ണര്‍) മാത്രം അധികാരമാക്കി മാറ്റുന്ന വ്യവസ്ഥകള്‍ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്.
ഗവര്‍ണറുടെ പ്രവര്‍ത്തനം മന്ത്രിസഭയുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് തകര്‍ക്കപ്പെടുന്നത്. അക്കാദമിക പരിചയമില്ലാത്തവരെയും വി.സിയാക്കാമെന്ന നിര്‍ദേശം സംഘ പരിവാര്‍ ആജ്ഞാനുവര്‍ത്തികളെ എത്തിക്കാനുള്ള കുറുക്കുവഴിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കുമെന്നു മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമാണ് യുജിസിക്ക് അധികാരം. സാധ്യമായ എല്ലാ വഴികളിലൂടെയും എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
യുജിസി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും തമിഴ്നാട് നേരിടുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഭരണഘടനപ്രകാരം വിദ്യാഭ്യാസം കേന്ദ്ര സംസ്ഥാന പൊതു പട്ടികയിലുള്ള വിഷയമാണെന്നിരിക്കെ യുജിസിയുടെ ഏകപക്ഷീയ നീക്കം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha