ഹൃദയം കീഴടക്കി അര്‍ലേക്കര്‍... ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനില്‍ യാത്രയയപ്പ് നല്‍കി.
പുതിയ കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ യുവാക്കള്‍ക്ക് ആവേശമാകുന്നു. ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനില്‍ യാത്രയയപ്പ് നല്‍കി. 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാന്‍ യുവജനങ്ങളുടെ പുരോഗതിയും അവരുടെ പങ്കാളിത്തവും അനിവാര്യമെന്ന് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന
ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും സാങ്കേതികവിദ്യ, വ്യവസായം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളിലെ യുവപ്രതിഭകളെ കണ്ടെത്തുകയും ചെയ്യുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരി 10,11,12 തീയതികളില്‍ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട 39 അംഗ സംഘത്തെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
ഇതര സംസ്ഥാനങ്ങളിലെ യുവജനങ്ങളുമായി ക്രിയാത്മകമായി സംവദിക്കാന്‍ സംഘത്തെ പ്രോത്സാഹിപ്പിച്ച ഗവര്‍ണര്‍, കേരളത്തിലെ സാക്ഷരരായ യുവജനങ്ങളുടെ സംഭാവനകളില്‍ രാജ്യം മുഴുവന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതായും പറഞ്ഞു.സംഘാംഗങ്ങള്‍ക്ക് രാജ്ഭവന്റെ പൂര്‍ണ്ണ പിന്തുണയും സഹായവും അദ്ദേഹം ഉറപ്പുനല്‍കി. നെഹ്‌റു യുവ കേന്ദ്ര സംഘാതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ എം.അനില്‍കുമാര്‍ വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിനെ കുറിച്ച് വിശദീകരിച്ചു.
മേരാ യുവ ഭാരത് പോര്‍ട്ടലില്‍ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയിച്ച 39 യുവതീ യുവാക്കളാണ് കേരള സംഘത്തിലുള്ളത്. അവര്‍ ദേശീയ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും തെരഞ്ഞെടുത്ത 10 വിഷയങ്ങളില്‍ വികസിത ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ മേരാ യുവ ഭാരത് പോര്‍ട്ടല്‍ വഴി സംഘടിപ്പിച്ച വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങളില്‍ വിജയികളായ 3500 പേര്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ 239 പേരെ വിജയികളായി തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന, പവര്‍പോയിന്റ് പ്രസന്റേഷനുകളിലും വ്യക്തിഗത അഭിമുഖങ്ങളിലും നിന്നാണ് ദേശീയതല മത്സരത്തില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുത്തത്.
അതേസമയം ആരിഫ് മുഹമ്മദ് ഖാന്‍ കളമൊഴിഞ്ഞതോടെ സര്‍വകലാശാല വിഷയങ്ങളില്‍ കുറച്ചൊരു ആശ്വാസമുണ്ടാകുമെന്നു കരുതിയിരുന്ന സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറുകയാണ് ചാന്‍സലര്‍ക്കു സര്‍വാധികാരങ്ങളും നല്‍കുന്ന യുജിസിയുടെ പുതിയ വിജ്ഞാപനം. താല്‍പര്യമുള്ളവരെ വിസിമാരായി അവരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് യുജിസിയുടെ പുതിയ നിര്‍ദേശങ്ങള്‍.
ചാന്‍സലറായ ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കു കൂടി തടയിടുന്നതാണ് പുതിയ വിജ്ഞാപനം. വിസി നിയമനത്തിനുള്ള മൂന്നംഗ സേര്‍ച് കമ്മിറ്റികളില്‍ ഭൂരിപക്ഷം കേന്ദ്രത്തിന് ഉറപ്പാകുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ നോമിനികളാവും സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തലപ്പത്ത് എത്തുകയെന്ന് ഏറക്കുറെ ഉറപ്പായി.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം യുജിസി പുറത്തുവിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തി. സംഘപരിവാര്‍ അജന്‍ഡയായ കാവിവല്‍ക്കരണം സംസ്ഥാനത്ത് അതിദ്രുതം നടപ്പാക്കാനുള്ള നീക്കമാണിതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും ആശങ്കപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടില്‍ ഒളിച്ചു കടത്തുന്നതെന്നും യുജിസിയും കേന്ദ്ര സര്‍ക്കാരും അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണ, വര്‍ഗീയവല്‍ക്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നിര്‍ദേശങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനമുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യ പ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നതോടെ വിഷയത്തില്‍ കേന്ദ്രവുമായി പുതിയ നിയമപോര്‍മുഖം തുറക്കപ്പെടുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha