ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത, ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴിയിൽ... ബോച്ചെയെ പപ്പടം പോലെ പൊട്ടിക്കാൻ കഴിയുന്ന തെളിവുകൾ...
ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെതിരേ പരാതിക്കാരിയായ നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴിയിൽ ബോച്ചെയെ പപ്പടം പോലെ പൊട്ടിക്കാൻ കഴിയുന്ന തെളിവുകളുണ്ടെന്ന് ഹണി റോസുമായി അടുപ്പമുള്ളവർ പറയുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവർ രഹസ്യമൊഴി നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് രഹസ്യമൊഴി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള പ്രധാനപ്പെട്ട നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഹണി റോസിനെ കൊണ്ട് രഹസ്യമൊഴി നൽകിച്ച് ബോച്ചെയെ പൂട്ടാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. സമർത്ഥമായ നീക്കം പൂർണമായും ഫലം കണ്ടു.
കേസില്‍ ബോബി ചെമ്മണ്ണൂരിനെ എറണാകുളത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പോലീസ് നീക്കം. കോടതിയിൽ ഹാജരാക്കുമ്പോൾ ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജി നല്‍കിയേക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നലെ തന്നെ നൽകിയതിലൂടെ ഇത് തടയുക എന്ന ലക്ഷ്യംകൂടി പോലീസിനുണ്ടായിരുന്നു. . രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയാല്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടുക ബുദ്ധിമുട്ടാവും. ഇത് മുന്നില്‍ കണ്ടാണ് പോലീസ് നീക്കം നടത്തിയത്. ഇല്ലെങ്കിൽ അൻവറിന്റെ ജാമ്യം പോലെ ഇതും പൊളിഞ്ഞേനെ.
ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് ശേഷമാകും ഹാജരാക്കുക. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്.ഇന്നലെ രാത്രിയാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബോബി ചെമ്മണ്ണൂരിനെ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടിലെ ഫാം ഹൗസിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് ലോക്കൽ പൊലീസ് പോലും അറിഞ്ഞിരുന്നില്ല.ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുക്കാൻ രാവിലെ നാല് മണി മുതൽ തന്നെ പൊലീസ് വയനാട്ടിലെ ബോബിയുടെ ഫാം ഹൗസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ടും കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല.
ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരുന്നു. കേസ് സെൻട്രൽ എസിപി ജയകുമാറിന്റെ മോൽനോട്ടത്തിൽ പത്ത് അംഗ സംഘമാണ് അന്വേഷിക്കുന്നത്. സംഘത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരും ഉണ്ട്.ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.
ഹണി റോസ് രണ്ട് മണിക്കൂർ എടുത്താണ് മൊഴി നൽകിയത്. വളരെ വിശദമായ മൊഴിയാണ് ജഡ്ജി എടുത്തത്. സംഭവത്തിന്റെ വിശദാംശങ്ങൾ ഹണി റോസ് തുറന്നു പറഞ്ഞുവെന്നാണ് വിവരം.ബോബി ചെമ്മണ്ണൂരിനെ ജയിലിലടയ്ക്കാൻ പാകത്തിലുള്ള മൊഴിയാണ് താരം നൽകിയതെന്ന് മനസിലാക്കുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെൽ ഇക്കാര്യത്തിലുണ്ടായിരുന്നു. ഹണിക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഡി.ജി.പി. മനോജ് എബ്രഹാമിന് നിർദ്ദേശം നൽകിയത്. പ്രതി ഒരിക്കലും രക്ഷപ്പെടരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതോടെ പോലീസുകാർക്ക് ആത്മവിശ്വാസം വർധിച്ചു.
ഇന്ന് ബോബിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ഒരു കാരണവശാലും ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങളും സർക്കാർ നടത്തുന്നുണ്ട്. ബോബിയുടെ സ്വാധീനം മനസിലാക്കികൊണ്ടാണ് സർക്കാർ നീക്കം. ജാമ്യം ലഭിക്കാതിരിക്കാനുള്ള പഴുതുകൾ അടയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പണം എറിഞ്ഞു കളിക്കാൻ ഉള്ളതാണെന്ന് വിശ്വസിക്കുന്ന ബോബിക്ക് ആരെ സ്വാധീനിച്ചും പുറത്തിറങ്ങാനുള്ള ധൈര്യം ആവോളമുണ്ട്.
എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്.
ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.മുൻകൂർജാമ്യം തേടാനും അതു ലഭിക്കും വരെ പ്രതി ഒളിവിൽ പോകാനുമുള്ള പഴുതുകൾ അടച്ചുകൊണ്ടായിരുന്നു ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടികൾ. എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നു പിന്തുണ ലഭിക്കുമെന്ന് ഹണി റോസിന് ഏറെക്കുറെ ഉറപ്പു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷം വിശദമായ പരാതി ഹണി റോസ് നൽകിയത്. പൊലീസ് ആകട്ടെ സമയം ഒട്ടും നഷ്ടപ്പെടുത്തിയില്ല.
ബോബി ചെമ്മണ്ണൂർ കൺമുന്നിൽ തന്നെയുണ്ട് എന്ന് ഉറപ്പാക്കുകയായിരുന്നു പിന്നീട് ചെയ്തത്. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബോബി കർണാടകയിലേക്ക് പോകാൻ ഒരുങ്ങുന്നെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സെൻട്രൽ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു.തുടക്കത്തിൽ ബോബി ചെമ്മണൂരിന്റെ പേര് പറയാതെ തന്നെ ‘ഒരു വ്യവസായി’ എന്ന് സൂചിപ്പിച്ചുകൊണ്ട് താൻ നേരിടുന്ന ലൈംഗികാധിക്ഷേപങ്ങളെക്കുറിച്ച് ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാൽ ഇതിനു താഴെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ഹണി റോസിന് നേരിടേണ്ടി വന്നത്. ഈ വ്യവസായി ബോബി ചെമ്മണൂരാണെന്ന തരത്തിലും ചിലർ കമന്റുകളിട്ടിരുന്നു.
അധിക്ഷേപം എല്ലാ പരിധിയും കടന്നതോടെ ഹണി റോസ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താരസംഘടനയായ അമ്മയും ഇതിനിടെ ഹണി റോസിന് പിന്തുണയുമായി രംഗത്തെത്തി.സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ അധിക്ഷേപം തുടരുമ്പോൾ ‘മുന്നറിയിപ്പ്’ നൽകിയിട്ടും ബോബി ചെമ്മണൂർ നിലപാടിൽ മാറ്റം വരുത്തിയില്ലെന്ന് വന്നതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഹണി റോസ് കൂടിക്കാഴ്ച നടത്തിയത്. ഇതിനൊപ്പം മുഖ്യമന്ത്രിയും ഡിജിപിയുമായും സംസാരിക്കാൻ സമയം തേടി. ഉന്നത പൊലീസ് സംഘം ഹണി റോസിന് ആവശ്യമായ ഉറപ്പുകൾ നല്‍കിയതോടെ അവർ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയതെന്നതിനാൽ ബോബി ചെമ്മണൂർ ഇന്നലെ കൊച്ചിയിലെത്താനും ഒപ്പം മുൻകൂർ ജാമ്യം തേടാനും സാധ്യതയുണ്ടെന്ന് വ്യക്തമായിരുന്നു. മുന്‍കൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ ഒളിവിൽ പോകാനും ഇത് സുപ്രീം കോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ദ്രുതഗതിയിലുള്ള പൊലീസ് നടപടികൾ ഉണ്ടായതും.വയനാട്ടിലെ റിസോർട്ട് നിരീക്ഷണത്തിലായതോടെ കർണാടകത്തിൽ കടക്കാനായിരുന്നു പദ്ധതി. എന്നാൽ കർണാടക അതിർത്തിയിൽ വരെ നിരീക്ഷണം കർശനമാക്കിയിരുന്നു. അതായത് ബോച്ചെക്ക് ഊരാൻ കഴിയാത്ത തരത്തിൽ കച്ച മുറുക്കി. ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ് പറഞ്ഞു.
തന്‍റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു. മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്. അത്രയും വലിയ ടോര്‍ച്ചര്‍ വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുകയായിരുന്നു, അതില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി ഞാന്‍ നിന്ന ഒരു വേദിയില്‍ വച്ച് മോശമായ പല പരാമര്‍ശങ്ങളും നടത്തിയത്. അത് കഴിഞ്ഞ് നിര്‍ത്താന്‍ പറഞ്ഞിട്ടും ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങി. ഇത് എന്നെ ഒരാള്‍ വെല്ലുവിളിക്കുന്ന അവസ്ഥയിലായിപ്പോയി. ഇവിടെ ഒരു നിയമമുണ്ട്. എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി പിന്നാലെ കൂടി ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യുകയായിരുന്നു. ഒടുവില്‍ ഇത് നിര്‍ത്തണം എന്ന ആഗ്രഹത്തോടെയാണ് ഞാനും കുടുംബവും തീരുമാനം എടുത്ത് ഇതിനെതിരെ നീങ്ങിയത്. എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനത്തിലാണ് കേസ് കൊടുത്തത്.
ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം വ്യക്തമായി ഉറപ്പ് നല്‍കിയിരുന്നു. കേസില്‍ വ്യക്തമായ നടപടി എടുക്കും എന്നാണ്. നേരത്തെ തന്നെ ഇതിനെതിരെ രംഗത്ത് എത്തേണ്ടതായിരുന്നു എന്ന് തോന്നുന്നുണ്ട്. ഇതില്‍ നടപടി എടുത്തില്ലെങ്കില്‍ ഈ കുറ്റകൃത്യം ഞാന്‍ അസ്വദിക്കുന്നു എന്ന സന്ദേശം പുറത്ത് വന്നേക്കാം. അതിനാല്‍കൂടിയാണ് നടപടി ഇപ്പോള്‍ എടുത്തത്. ഒരു പ്രശ്നത്തിലേക്ക് പോകാതെ ഒതുങ്ങിപ്പോകുന്ന പ്രകൃതമായിരുന്നു എന്റേത്. പക്ഷേ നേരത്തേതന്നെ പ്രതികരിക്കാത്തതിൽ ഇപ്പോൾ വലിയ വിഷമം തോന്നുന്നുണ്ട് - ഹണി റോസ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാര്‍ത്തയില്‍ പ്രതികരിച്ചു.
അതേ സമയം ഹണിറോസ് തുടങ്ങിവച്ച ധീരമായ പോരാട്ടത്തിന് പിന്തുണയെന്ന് സിനിമ സാങ്കേതിക സംഘടനയായ ഫെഫ്ക അറിയിച്ചു. ഹണിറോസിന്‍റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗിക ആക്രമണത്തിനെതിരായ കൂട്ടായ പ്രതിരോധത്തിന്‍റെ ഭാഗമായി കാണുന്നതായും ഫെഫ്ക പറഞ്ഞു.
ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം രംഗത്തുണ്ട്. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ മൊബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി .
ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയെ സമൂഹമധ്യത്തിൽ അശ്ലീല ധ്വനിയോടെ അപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആറിലുള്ളത്.
പിന്നീട് മറ്റൊരു ചടങ്ഹിൽ പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. തുടര്‍ന്ന് സമാനമായ പരാമര്‍ശങ്ങള്‍ ജാങ്കോ സ്പേയ്സ് എന്ന യൂട്യൂബ് ചാനൽ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്. ബോബിയെ കൃത്യമായി കുരുക്കുക എന്ന ലക്ഷ്യമാണ് എഫ് ഐ. ആറിന് പിന്നിലുള്ളത്.
സ്ത്രീശരീരത്തെ കുറിച്ചും ഘടനയെ കുറിച്ചും വർണിക്കുന്നത് കുറ്റ കൃത്യമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി മറ്റൊരു കേസിൽ വിധി പറഞ്ഞിരുന്നു. 2017 മാർച്ച് 31ന് നടന്ന ഒരു സംഭവത്തിലായിരുന്നു വിധി. പരാതിക്കാരി കെ എസ് ഇ ബി ഉദ്യോഗസ്ഥയായിരുന്നു. സഹപ്രവർത്തകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് കേസ് നൽകിയത്. പുത്തൻ വേലിക്കര സ്വദേശി എം. രാമചന്ദ്രനാണ് തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. ഇതിലാണ് ബോബി ചെമ്മണ്ണൂരിന് സമാനമായ ഉത്തരവുണ്ടായത്.കഴിഞ്ഞ ദിവസം ജസ്റ്റിസ് ബദറുദീൻ നടത്തിയ വിധിപ്രസ്താവം ചെമ്മണ്ണൂരിന്റെ കേസിലും ബാധകമാകും. അത്തരം ഒരു ഉറപ്പിലാണ് പോലീസ് നീങ്ങുന്നത്. കേസിൽ ജാമ്യം കിട്ടിയാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പണി കിട്ടുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. കാരണം സർക്കാരിന്റെ ഇമേജ് വർധിപ്പിക്കാൻ ഉതകുന്ന കേസാണിത്.
https://www.facebook.com/Malayalivartha