കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ്പോയി; ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജി.സുധാകരന്‍
അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍മന്ത്രി ജി.സുധാകരന്‍. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ്പോയി കേരളത്തില്‍.
ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ. ബോബി ചെമ്മണൂര്‍ വെറും പ്രാകൃതനും കാടനുമാണെന്നും പരമനാറിയും പണത്തിന്റെ അഹങ്കാരവുമാണെന്നും സുധാകരന്‍ പറഞ്ഞു. കായംകുളം എംഎസ്എം കോളജില്‍ പുസ്തകപ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സുധാകരന്റെ വാക്കുകള്‍:
''15 വര്‍ഷം മുന്‍പുതന്നെ ഞാന്‍ എന്റെ ഭാര്യയോടു പറഞ്ഞിരുന്നു, അവന്‍ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ, അതു ലൈംഗിക സംസ്‌കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ്പോയി കേരളത്തില്‍.
ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അയാള്‍ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ? എന്നിട്ട് അറസ്റ്റ് ചെയ്‌തോ? പല സ്ത്രീകളെയും അയാള്‍ അപമാനിച്ചു അവര്‍ ആരും അനങ്ങിയില്ല.
അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകള്‍ ഉണ്ട്. അവര്‍ക്ക് പ്രത്യേകസംഘം ഉണ്ട്. നമ്മള്‍ എല്ലാത്തിനും മുന്നിലാണ് എന്ന് പറയുന്നവര്‍ക്ക് ഇതില്‍ എന്താണ് പറയാനുള്ളത്. ഒരിക്കലും നമ്മള്‍ നമ്മളെപ്പറ്റി പറഞ്ഞ് അഹങ്കരിക്കാന്‍ പാടില്ല. നമ്മള്‍ ചില കാര്യങ്ങളില്‍ മുന്നിലാണ്. ഉള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. ഇല്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ഉണ്ടാക്കി പറയുന്നത്. പൊങ്ങച്ചം പറച്ചിലും പൊള്ള വാചകവും ലോകചരിത്രത്തില്‍ ഇടം പിടിക്കില്ല. പറയുന്ന ദിവസമേ ഉള്ളൂ അതിന്റെ ആയുസ്സ് എന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha