സ്ത്രീത്വത്തെ അപമാനിക്കുക എന്നതു തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യം; എല്ലാം വ്യാജ ആരോപണങ്ങളെന്ന് ബോബി ചെമ്മണൂര്‍
അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂറിനെ കോടതിയില്‍ ഹാജരാക്കി. ബോബി നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നും ഇപ്പോള്‍ ജാമ്യം നല്കിയാല് ഇത്തരം കുറ്റങ്ങള്‍ക്കു പ്രോത്സാഹനം നല്കുന്നതു പോലെയാകുമെന്നും പ്രോസിക്യൂഷന്. സ്ത്രീത്വത്തെ അപമാനിക്കുക എന്നതു തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ദുരുദ്ദേശ്യത്തോടു കൂടിത്തന്നെയാണ് ബോബി കയ്യില്‍ പിടിച്ചത്. മോശം പെരുമാറ്റത്തോടുള്ള എതിര്‍പ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു എന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ എല്ലാം വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയര്‍ത്തിയത്. സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ മനസ്സിലാക്കുകയായിരുന്നു എന്നും ബോബിയുടെ അഭിഭാഷകന് വാദിച്ചു.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണു കേസ് പരിഗണിച്ചത്. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ബോബിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നാണു കോടതിയില്‍ ഹാജരാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ഹണി റോസ് നല്കിയ പരാതിയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ വയനാട്ടില്‍നിന്നു ബോബിയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് വൈകിട്ട് രേഖപ്പെടുത്തി. തുടര്‍ന്നാണു കോടതിയില്‍ ഹാജരാക്കിയത്.
ജാമ്യം അനുവദിക്കണമെന്ന് ബോബിയുടെ അഭിഭാഷകന് വാദിച്ചു. ചില പരാമര്‍ശങ്ങളുടെ പേരിലാണ് അറസ്റ്റ്. ഇത് വ്യാജ ആരോപണമാണ്. കാരണം ആലക്കോട് നടന്ന ഉദ്ഘാടന പരിപാടിക്കിടെ അപമാനിച്ചു എന്ന പരാതി തെറ്റാണ്. ആ പരിപാടിയുടെ ദൃശ്യങ്ങള്‍ നടി തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. കുന്തീദേവി പരാമര്‍ശത്തിനു ശേഷവും ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു, ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണെന്നും ബോബിയുടെ അഭിഭാഷകന് പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാമെന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ശരീരത്തില്‍ സ്പര്‍ശിച്ചു എന്നത് ശരിയല്ല. ഇന്നലെ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇനിയും റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണത്തോടു സഹകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ബോബിയുടെ അഭിഭാഷകന് വാദിച്ചു.
ബോബിയെ റിമാന്‍ഡ് ചെയ്യണമെന്നാണു പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. നിരന്തരമായി അവഹേളിക്കുന്ന സമീപനമാണു ബോബിയുടെ ഭാഗത്തു നിന്നുണ്ടായത്. ബോബിയുടെ ഫോണ്‍ പരിശോധിക്കണം. പരാതിക്കാരിയെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ തെളിവുകളുണ്ട്. ഓഗസ്റ്റിലെ ഉദ്ഘാടന ചടങ്ങിലുണ്ടായ പെരുമാറ്റത്തില്‍ ബുദ്ധിമുട്ട് ഉണ്ടായ കാര്യം നടിയുടെ മാതാവ് ബോബിയുടെ മാനേജരെ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് മറ്റൊരു പരിപാടിക്ക് ക്ഷണിച്ചെങ്കിലും നിരസിച്ചു.
എന്നാല്‍ പുറകെ നടന്ന് നിരന്തരമായി അധിക്ഷേപിക്കുകയായിരുന്നു. വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലും അധിക്ഷേപം തുടര്‍ന്നു. അഭിമുഖങ്ങളിലടക്കം അധിക്ഷേപം നടത്തി. സ്ത്രീത്വത്തെ അപമാനിക്കുക എന്നതു തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പരാതി നല്കാന് തീരുമാനിച്ചത്. ബിഎന്‍എസ് 75 (4) (1), ഐടി 67 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha