വാളയാര്‍ കേസ്: മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കല്‍ തെളിയും; കേസ് അട്ടിമറിക്കാന്‍ തന്നെയാണ് സിബിഐയുടെയും ലക്ഷ്യമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍ കേസില്‍ നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സിബിഐയില്‍ വിശ്വാസമില്ലാതായി. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കല്‍ തെളിയും. കേസ് അട്ടിമറിക്കാന്‍ തന്നെയാണ് സിബിഐയുടെയും ലക്ഷ്യം. മക്കളുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു. യഥാര്‍ഥ പ്രതികളെ പറയാന്‍ കഴിയാത്തത് കൊണ്ടാണ് സിബിഐ മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. ഇതിനെ നിയമപരമായി നേരിടുമെന്നും മാതാവ് പറഞ്ഞു.
''സിബിഐയെക്കാള്‍ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നു. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കല്‍ തെളിയും. കേസ് അട്ടിമറിക്കാന്‍ തന്നെയാണ് സിബിഐയുടെയും ലക്ഷ്യം. യഥാര്‍ഥ പ്രതികളിലേക്ക് അവര്‍ക്ക് എത്താന്‍ കഴിയാത്തതിനാലാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലാണ്. കേസ് അട്ടിമറിക്കപ്പെട്ടു. ഇത് കോടതിക്കും സര്‍ക്കാരിനും ബോധ്യമായതിനാലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നിട്ടും കേസ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍'' - പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കുഞ്ഞ് മരിക്കുന്നതിനു മുന്‍പെ പീഡിപ്പിക്കപ്പെട്ട കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഇതിനാലാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അങ്ങനെ അറിഞ്ഞിരുന്നെങ്കില്‍ ഇന്ന് താന്‍ ഇങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമായിരുന്നില്ല. ആദ്യത്തെ മകള്‍ പീഡനത്തിനിരയായത് അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല.
രണ്ടാമത്തെ മകളും മരിച്ചശേഷമാണ് അത് ലഭിക്കുന്നത്. അപ്പോഴാണ് രണ്ടു പേരും പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞത്. കേസ് അട്ടിമറിക്കാതിരിക്കാനാണ് അഭിഭാഷകനായ രാജേഷ് മേനോനെ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോഴും രാജേഷ് മേനോനെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഉന്നതരായ വക്കീലന്മാരെ സര്‍ക്കാര്‍ തന്നാലും ഞങ്ങള്‍ക്ക് തൃപ്തി രാജേഷ് മേനോനിലാണെന്നും പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha