'ഓപ്പറേഷന്‍ സീബ്ര ലൈന്‍': ഒരു മണിക്കൂറിനുള്ളില്‍ കുടുങ്ങിയത് 21 പേര്‍
കാല്‍നട യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സീബ്ര ലൈന്‍ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ് രംഗത്ത്. വഴിയാത്രക്കാര്‍ സീബ്രാ ലൈന്‍ വഴി റോഡ് കുറുകെ കടക്കുമ്പോള്‍ നിര്‍ത്താതെ അമിത വേഗത്തില്‍ കയറി പോകാന്‍ ശ്രമിക്കുന്ന വാഹന ഡ്രൈവര്‍മാരെ കുടുക്കാന്‍ ലക്ഷ്യമിട്ട് ഇരിട്ടി ജോയിന്റ് ആര്‍ടിഒ ഓഫിസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ 'ഓപ്പറേഷന്‍ സീബ്ര ലൈന്‍' പരിശോധനയില്‍ ഒരു മണിക്കൂറിനുള്ളില്‍ കുടുങ്ങിയത് 21 പേര്‍. ഇരിട്ടിയില്‍ നിരന്തരമായ മുന്നറിയിപ്പുകള്‍ മോട്ടര്‍ വാഹന വകുപ്പ് നല്‍കിയിട്ടും സീബ്രാ ലൈനില്‍ വാഹനം ഇടിച്ചു പരുക്കേറ്റ സംഭവം വരെ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിയമ നടപടികള്‍ കര്‍ശനമാക്കുന്നത്.
ഇന്നലെ മുന്നറിയിപ്പ് എന്ന നിലയിലാണ് 1 മണിക്കൂര്‍ പരിശോധന നടത്തി പിന്‍വാങ്ങിയത്. നടപടി വരും ദിവസങ്ങളിലും തുടരും. സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ പോകുന്ന വാഹനങ്ങള്‍ ലൈവ് വിഡിയോ വഴി മഫ്തിയില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ചിത്രീകരിച്ചും ഫോണ്‍ മുഖേനയും 50 മീറ്റര്‍ മാറി ക്യാംപ് ചെയ്യുന്ന സംഘത്തെ അറിയിക്കുകയും ഇവര്‍ വാഹനങ്ങള്‍ പിടികൂടുകയുമാണ് ചെയ്തത്. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.ആര്‍.ഷനില്‍കുമാര്‍, ഡി.കെ.ഷീജി, കെ.കെ.ജിതേഷ്, ജീവനക്കാരന്‍ മുഹമ്മദ് സാഗിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റു മോട്ടര്‍ വാഹന കേസുകളില്‍ നിന്ന് വ്യത്യസ്തമാണു സീബ്ര ലൈന്‍ നിയമ ലംഘന കേസ്. കോടതി മുഖേനയേ കേസ് തീരൂ. മറ്റു കേസുകള്‍ പോലെ തടഞ്ഞു വച്ചു കയ്യോടെ പിടികൂടി പിഴ അടപ്പിക്കുന്ന രീതി പറ്റില്ല. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കോടതിക്ക് കൈമാറും. കോടതിയില്‍ നിന്ന് നോട്ടിസ് ലഭിക്കുന്നതു വരെ കാക്കണം. പിഴ കോടതിയിലാണ് അടയ്‌ക്കേണ്ടത്. മോട്ടര്‍ വെഹിക്കിള്‍ റഗുലേഷന്‍ 2017 നിയമം 39 ഭാഗം പ്രകാരം പ്രധാനപ്പെട്ട കേസ് ഗണത്തിലാണ് ഇതു പെടുന്നത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ കാല്‍നട യാത്രക്കാര്‍ ശ്രമിക്കുന്നതു കണ്ടാല്‍ സീബ്ര ലൈനിനു മുന്‍പുള്ള സ്റ്റോപ് ലൈനില്‍ വണ്ടി നിര്‍ത്തിയിട്ടു കാക്കണം.
https://www.facebook.com/Malayalivartha