നിയമസഭ പുസ്തകോത്സവം: ചൂടേറിയ രാഷ്ട്രീയ സാംസ്‌കാരിക ചര്‍ച്ചകളുടെ നിയമസഭാങ്കണം കുട്ടികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്
ചൂടേറിയ രാഷ്ട്രീയ സാംസ്‌കാരിക ചര്‍ച്ചകളുടെ നിയമസഭാങ്കണം കുട്ടികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്. പുസ്തകോത്സവ സ്റ്റാളുകളില്‍ കുട്ടികള്‍ക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസില്‍ പുസ്തകങ്ങളും നിരന്നതോടെ കുരുന്നുവായനക്കാരുടെ തിരക്കേറി.
സ്‌കൂള്‍ അധികൃതര്‍ക്കൊപ്പം കൂട്ടമായും അച്ഛനമ്മമാര്‍ക്കൊപ്പവും കുട്ടികളെത്തുന്നുണ്ട്. ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഗൗരീനാഥിന് പ്രിയം കുറ്റാന്വേഷണ കഥകളോടും കോമിക്കുകളോടുമാണ്. നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്ന് പതിപ്പുകള്‍ക്കും അച്ഛനോടൊപ്പം മുടങ്ങാതെയെത്തിയ ഗൗരീനാഥിന് അടുത്ത വര്‍ഷവും വരണമെന്നാണ് ആഗ്രഹം.
കോമിക്കുകളും പൊതുവിജ്ഞാന പുസ്തകങ്ങളുമാണ് ഗൗരീനാഥ് സ്വന്തമാക്കിയത്. പേയാട് ഗ്രീന്‍ വാലി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ മിഖായേലിന് താല്പര്യം സയന്‍സ് ഫിക്ഷനിലാണ്. റോബോട്ടുകളുടെ കഥ പറയുന്ന പുസ്തകവും അനുജത്തിക്ക് ബാലകഥകളുടെ സമാഹാരവുമായാണ് മിഖായേല്‍ വീട്ടിലേക്ക് മടങ്ങിയത്. സെന്റ് തോമസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ദിയയ്ക്ക് പ്രിയം കഥകളോടും കോമിക്കുകളോടും പസില്‍ പുസ്തകങ്ങളോടുമാണ്.
അടുത്ത വര്‍ഷം വീണ്ടുമെത്തുമെന്ന് പറഞ്ഞ് ഇരുകൈയിലും പുസ്തകങ്ങളും നിറഞ്ഞ പുഞ്ചിരിയുമായാണ് ദിയയുടെ മടക്കം.വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്റ്റുഡന്റസ് കോര്‍ണറിലും കുട്ടികളെ ആകര്‍ഷിച്ചും അതിശയിപ്പിച്ചും വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. മാജിക്ക് ഷോ, പപ്പറ്റ് ഷോ, സംവേദനാത്മക സെഷനുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സ്റ്റുഡന്റസ് കോര്‍ണറിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു.
അതോടൊപ്പം കുട്ടികള്‍ അവതരിപ്പിക്കുന്ന കവിതാലാപനം, ലളിതഗാനം, ചെറുനാടകങ്ങള്‍, ഗെയിമുകള്‍, കഥകളും അനുഭവങ്ങളും പങ്കുവയ്ക്കല്‍, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും അരങ്ങേറുന്നു. കുട്ടികള്‍ക്കായി കെ എസ് ആര്‍ ടി സി സജ്ജമാക്കിയ സിറ്റി റൈഡില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ നഗരം ചുറ്റി.
https://www.facebook.com/Malayalivartha