ഇതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ കണ്ട് പുതുതലമുറ പഠിക്കണമെന്ന് പ്രൊഫ സി മൃണാളിനി
ഇതിഹാസങ്ങളിലെ സിംഗിള്‍ മദര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സ്ത്രീ കഥാപാത്രങ്ങള്‍ സ്വയം ഇരയായി കണ്ടിട്ടില്ലെന്നും പുതുതലമുറ അവരില്‍ നിന്ന് പഠിക്കണമെന്നും എഴുത്തുകാരിയും വിമര്‍ശകയുമായ പ്രൊഫ സി മൃണാളിനി. കെ എല്‍ ഐ ബി എഫ് ടോക്കില്‍ ഇതിഹാസങ്ങളിലെ സിംഗിള്‍ മദര്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.
സീതയും കുന്തിയും ശകുന്തളയും ശൂര്‍പ്പണഖയും ഹിഡുംബിയുമെല്ലാം ഒറ്റയ്ക്ക് മക്കളെ വളര്‍ത്തിയ അമ്മമാരാണ്. അവരെല്ലാം പങ്കാളിയുടെ ജീവിതത്തില്‍ തങ്ങളില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം സ്വന്തം ജീവിതം സ്വയം തീരുമാനിച്ചവരാണ്. രാമന്‍ വനവാസം കഴിഞ്ഞെത്തിയ ഉടന്‍ സീതയോട് അഗ്നിശുദ്ധി വരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മാഭിമാനം നഷ്ടപ്പെട്ട സീത അഗ്നിശുദ്ധി വരുത്തി അരനിമിഷം നില്‍ക്കാതെ മക്കളെയും നല്‍കി ഭൂമിദേവിക്കൊപ്പം പോയി.
അനുഭവിച്ച അപമാനങ്ങള്‍ക്ക് പകരം ചോദിക്കണമെന്ന കുന്തിയുടെ തീരുമാനമാണ് കുരുക്ഷേത്ര യുദ്ധത്തിന് കാരണമാകുന്നത്. ഹിഡുംബിയും ചിത്രാംഗദയുമെല്ലാം മക്കള്‍ക്ക് സര്‍വ വിജ്ഞാനവും പകര്‍ന്ന് കരുത്തരാക്കി സമൂഹത്തിനു നല്‍കിയവരാണ്. ആത്മാഭിമാനം മുറിപ്പെടാതെ ജീവിക്കാനുറച്ച കഥാപാത്രങ്ങളാണ്. ഇതില്‍ ഓരോ കഥാപാത്രവും ഓരോ പുസ്തകമാക്കാന്‍ മാത്രം വലിപ്പമുള്ളവരാണ്.
ഈ വനിതാ രത്നങ്ങളെ മാതൃകയാക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ തയ്യാറാകണം. ഇരയുടെ ചട്ട അണിയുന്നവരാണ് ഇന്നത്തെ ഒറ്റയമ്മമാരില്‍ ഏറെപ്പേരും. അതിന്റെ ആവശ്യമില്ലെന്നും കരുത്തോടെ മക്കളെ വളര്‍ത്തി, സ്വയം പ്രകാശിപ്പിക്കാനുള്ള സാദ്ധ്യതകള്‍ തേടണമെന്നും ഇതിഹാസങ്ങള്‍ വായിക്കപ്പെടുന്നത് അത് മനസ്സിലാക്കേണ്ട അര്‍ത്ഥത്തിലല്ലെന്നും പ്രൊഫ മൃണാളിനി പറഞ്ഞു.
https://www.facebook.com/Malayalivartha