കോട്ടയം നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ ലോറി നഗരസഭ ജീവനക്കാരും കൗൺസിലർമാരും ചേർന്ന് സാഹസികമായി പിടി കൂടി; പിടികൂടിയത് സ്ഥിരമായി കോട്ടയം നഗരത്തിൽ മാലിന്യം തള്ളുന്ന ലോറി
കോട്ടയം നഗരമധ്യത്തിൽ സ്ഥിരമായി കക്കുസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി നഗരസഭ ഉദ്യോഗസ്ഥരും കൗൺസിലർമാരും അടങ്ങുന്ന സംഘം സാഹസികമായി പിടികുടി. ലോറിയിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേരെ ഓടിച്ചിട്ട് പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെ കോട്ടയം പുത്തനങ്ങാടിയിലായിരുന്നു സംഭവം. കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി. ടി രഞ്ജിത്തും , നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയും , തിരുവാതുക്കൽ സോൺ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർ എസ് സിനിയും , ജനറൽ സോൺ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർ രശ്മിയും , ജീവനക്കാരായ മനോഷ് , ഗോപാല കൃഷ്ണ ചെട്ടിയാരും , ഡ്രൈവർ സാബുവും ചേർന്നാണ് ലോറി പിടിച്ചെടുത്തത്.
ഇന്നലെ രാത്രിയിൽ പരിശോധനയ്ക്ക് ഇറങ്ങിയ സ്ക്വാഡ് ആണ് പാറേച്ചാൽ ഭാഗത്ത് സംശയാസ്പദമായ രീതിയിൽ ടാങ്കർ ലോറി കണ്ടത്. ലോറി നിർത്തിയിട്ടിരിക്കുന്നത് കണ്ട് സ്ക്വാഡ് വാഹനം അടുത്ത് എത്തിയപ്പോഴേയ്ക്കും ഇവർ അതി വേഗം വാഹനം ഓടിച്ച് പോയി. ഇതോടെ ലോറിയെ പിൻതുടർന്ന സംഘം , ഓട്ടത്തിനിടെ വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചു. പുത്തനങ്ങാടി ഭാഗത്ത് എത്തിയതും ലോറി ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും ഇറങ്ങി ഓടി.
ഈ സമയം കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി. ടി രഞ്ജിത്തും , നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയും ഇവരെ സ്കൂട്ടറിൽ പിൻ തുടർന്നു. തുടർന്ന് , തിരുവാതുക്കൽ ഭാഗത്ത് വച്ച് രണ്ട് പേരെ പിടികൂടി. ഈ സമയം സ്ഥലത്ത് എത്തിയ കൺട്രോൾ റും പൊലീസിന് ഇവരെ കൈ മാറുകയും ചെയ്തു. തുടർന്ന് , വാഹനവും വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha