നിത്യ ഹരിത ഗായകന് മലയാളത്തിന്റെ പ്രണാമം : നാളെ 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
നിത്യ ഹരിത ഗായകന്‍ പി. ജയചന്ദ്രന് മലയാളത്തിന്റെ പ്രണാമം. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. ജയചന്ദ്രന്റെ ഹൃദയത്തോട് എന്നും ചേര്‍ന്ന് നിന്ന ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് മൃതദേഹം 11 മണിയോടെ സംഗീത നാടക അക്കാദമിയുടെ റീജനല്‍ തിയേറ്ററിലേക്ക് പൊതുദര്‍ശനത്തിന് എത്തിച്ചു.
കാലം സ്പര്‍ശിക്കാത്ത ജയചന്ദ്ര ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ ഭാവഗായകന് പ്രിയ സഹപ്രവര്‍ത്തകരും ആസ്വാദകരും കണ്ണീര്‍ പൂക്കള്‍ അര്‍പ്പിച്ചു. ഒപ്പം രാഷ്ട്രീയ, സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓര്‍മകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി കാണാനെത്തി. നിശ്ചയിച്ചതിലും മുക്കാല്‍ മണിക്കൂറോളം വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്. രഞ്ജി പണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പറവൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് ചേക്കേറിയ ശേഷം തൃശ്ശൂര്‍ സ്വന്തം മേല്‍വിലാസം ആക്കിയ ജയചന്ദ്രന്‍ പ്രിയ നഗരത്തില്‍ നിന്ന് മടങ്ങുകയാണ് രാവിലെ 7 മണിയോടെ വടക്കന്‍ പറവൂരിലെ ചേന്ദമംഗലം പാലിയം തറവാട്ടിലേക്ക് യാത്ര. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. പ്രണയമായും വിരഹമായും ഭക്തി ആയും വാത്സല്യം ആയുമെല്ലാം മലയാളിക്ക് കൂട്ടായ ഭാവ ഗാനങ്ങള്‍ ഇനി എന്നും ആസ്വാദക ഹൃദയങ്ങളില്‍.
https://www.facebook.com/Malayalivartha