റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ തിരോധാനം: വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി
ദുരൂഹ സാഹചര്യത്തില്‍ 2023ല്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി.2023 ആഗസ്റ്റ് 21നാണ് ബാലുശ്ശേരി എരമംഗലം സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട് നഗരത്തില്‍നിന്ന് കാണാതായത്. എലത്തൂര്‍ പ്രണവം ഹൗസില്‍ രജിത് കുമാര്‍ (45), ഭാര്യ സുഷാര (35) എന്നിവരെയാണു ഗുരുവായൂരില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഉച്ചയോടെ ഗുരുവായൂര്‍ പൊലീസ് ഇരുവരെയും കണ്ടെത്തി നടക്കാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. വൈകിട്ടോടെ നടക്കാവ് പൊലീസ് ഗുരുവായൂരിലെത്തി ദമ്പതികളെ കൂട്ടി മടങ്ങി.
ഇരുവരെയും വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. 20 വര്‍ഷം ആട്ടൂരിന്റെ ഡ്രൈവറായിരുന്നു രജിത്. ആട്ടൂരിനെ കാണാതാകുന്നതിനു മുന്‍പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. വ്യാഴാഴ്ച മാവൂര്‍ റോഡിലെ ലോഡ്ജില്‍നിന്നു രാവിലെ 9ന് ഇറങ്ങിയ ഇരുവരെയും കാണാനില്ലെന്നു സുഷാരയുടെ സഹോദരന്‍ മക്കട സ്വദേശി സുമല്‍ജിത്താണു നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടക്കാവ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
സിസിടിവി പരിശോധനയില്‍, മാവൂര്‍ റോഡിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ഇരുവരും വ്യാഴാഴ്ച രാവിലെ 9ന് ഇറങ്ങി ഓട്ടോയില്‍ കയറി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തി. തുടര്‍ന്നു ട്രെയിന്‍ മാര്‍ഗം പോയെന്ന നിഗമനത്തില്‍ പൊലീസ് എല്ലാ റെയില്‍വേ സ്റ്റേഷനിലും മുന്നറിയിപ്പു നല്‍കി. ഇതിനിടെയാണു ഗുരുവായൂര്‍ പൊലീസ് ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരെയും കണ്ടെത്തിയത്.
മനസ്സമാധാനം ലഭിക്കാനാണു പോയതെന്നാണു രജിത് വാട്‌സാപ് ഗ്രൂപ്പില്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയച്ചത്. ചെയ്യാത്ത തെറ്റിനു പൊലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ആത്മഹത്യ ചെയ്‌തേക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും രജിത്തിനെ ചോദ്യം ചെയ്തിരുന്നു. സഹോദരിയെയും ഭര്‍ത്താവിനെയും ക്രൈംബ്രാഞ്ച് മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി സുമല്‍ജിത്ത് ആരോപിച്ചു.
മുഹമ്മദ് ആട്ടൂരിനെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളോടൊപ്പം കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ ആദ്യം നടക്കാവ് പോലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവുമാണ് കേസ് അന്വേഷിച്ചത്. നിഗൂഢമായ സാഹചര്യങ്ങളാണ് ആട്ടൂര്‍ മുഹമ്മദിന്റെ തിരോധാനത്തിലുള്ളതെന്നും, ഗൂഢാലോചന സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂര്‍ വ്യവസായിക ആവശ്യങ്ങള്‍ക്കായി സാധാരണ യാത്രകള്‍ പോകാറുണ്ടെങ്കിലും പോകുന്ന കാര്യങ്ങള്‍ കുടുംബത്തെ അറിയിക്കാറുണ്ട്. ഫോണിലും എപ്പോഴും ലഭ്യമാകാറുണ്ട്. കാണാതായ ദിവസം മുഹമ്മദ് ഉപയോഗിച്ചിരുന്ന ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. ഒപ്പം നഗരത്തിലെയും അവസാനം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച കോഴിക്കോട് തലക്കുളത്തൂര്‍ ഭാഗത്തെയോ സി സി ടി വികളിലൊന്നും ആട്ടൂര്‍ മുഹമ്മദിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചില്ല.
അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇപ്പോള്‍ അന്വേഷണ പുരോഗതി വെളിപ്പെടുത്താനാവില്ലെന്നുമാണ് നടക്കാവ് പോലീസ് നല്‍കുന്ന മറുപടി. ഇത്രയും നാളത്തെ അന്വേഷണത്തില്‍ കൃത്യമായ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ആശങ്കയോടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതും.
https://www.facebook.com/Malayalivartha