പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു: തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി; അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നില്‍ക്കുമെന്നു മുസ്‌ലിം ലീഗ്
നിലമ്പൂര്‍ എംഎല്‍എയും ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമായത്.
'ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ചേര്‍ന്ന നിലമ്പൂര്‍ എംഎല്‍എ ശ്രീ പി വി അന്‍വറിന് വളരെ ഊഷ്മളമായ സ്വാഗതം. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം' എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
കേരളത്തിലെ നിലമ്പൂരില്‍ നിന്നുള്ള ബഹുമാന്യനായ എംഎല്‍എ ശ്രീ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വാഗതം. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്ന നമ്മുടെ പങ്കിട്ട ദൗത്യത്തെ സമ്പന്നമാക്കുന്നു.
എല്ലാ ശബ്ദങ്ങളും പ്രാധാന്യമര്‍ഹിക്കുന്നതും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതുമായ ഒരു പുരോഗമന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.
അന്‍വര്‍ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നില്‍ക്കുമെന്നു മുസ്‌ലിം ലീഗ് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ലക്ഷ്യമിട്ട് അന്‍വര്‍ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അന്‍വറിനു സമയം നല്‍കിയിരുന്നില്ല. സമരത്തിന്റെ പേരില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അന്‍വറിനു പിന്തുണ നല്‍കുന്നതായി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണു യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
പഴയ അനുയായി എന്ന നിലയില്‍ കെ.സുധാകരന് അന്‍വറിനോടു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള അന്‍വറിനെ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. കേരളത്തില്‍ രാഷ്ട്രീയ മേല്‍വിലാസം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ തൃണമൂലിനൊപ്പം അന്‍വര്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha