റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണൂരിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടു
അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടു. ഹൈക്കോടതിയില്‍നിന്നു ഇന്ന് ജാമ്യം ലഭിക്കുമെന്ന് ഉച്ചവരെ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും രണ്ടരയോടെ ബോബി നിരാശനായി. ബന്ധുക്കളുടെയും അഭിഭാഷകരുടെയും സന്ദര്‍ശനവും ജയിലിലെ ചിട്ടവട്ടങ്ങളുമായി ബോബി ശാന്തനായിരുന്നു എന്നാണു ജയില്‍ വൃത്തങ്ങള്‍ പറഞ്ഞത്. ബോബിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു പരിഗണിക്കാന്‍ മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് ഏഴേകാലോടെയാണു ബോബിയെ കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ചത്. രാവിലെ മറ്റു തടവുകാര്‍ക്കൊപ്പം പുറത്തു വന്ന ബോബിയെ ജയില്‍ മെഡിക്കല്‍ ഓഫിസര്‍ പരിശോധിച്ചു. ശേഷം പ്രഭാതഭക്ഷണം. പുതിയ വസ്ത്രങ്ങളുമായി ബന്ധുക്കള്‍ എത്തി, ഒപ്പം അഭിഭാഷകരും. ഇവര്‍ക്കൊപ്പം സമയം ചെലവിട്ടതായിരുന്നു പ്രധാന പരിപാടി.
ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ ജയില്‍ അധികൃതര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയുള്ളൂ. 'ബോചെ ഫാന്‍സു'കാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. വെള്ളിയാഴ്ച ആയതിനാല്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു ജയിലില്‍. മറ്റു തടവുകാര്‍ക്കൊപ്പം ചോറും സാമ്പാറും തോരനും കൂട്ടി ഉച്ചഭക്ഷണം. വൈകിട്ട് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും.
ഉച്ചയോടെയാണു ബോബിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം കോടതി ചേര്‍ന്നപ്പോള്‍ ജാമ്യഹര്‍ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അടിയന്തര പ്രാധാന്യം എന്താണ് എന്നാണു കോടതി ചോദിച്ചത്. ഒട്ടേറെ ഹര്‍ജികള്‍ പരിഗണിക്കാനുണ്ടെന്നും ക്രമമനുസരിച്ച് പരിഗണിക്കാമെന്നും വ്യക്തമാക്കി ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച പരിഗണിച്ചു കൂടെ എന്ന് അഭിഭാഷകന്‍ ആരാഞ്ഞെങ്കിലും പ്രത്യേക ഇളവൊന്നും സാധ്യമല്ലെന്നു വ്യക്തമാക്കി കോടതി നിരസിച്ചു. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ചു സൂക്ഷിക്കേണ്ടേ എന്നും കോടതി ഇതിനിടയില്‍ വാക്കാല്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യം ഇനി ആവര്‍ത്തിക്കില്ല എന്ന് അഭിഭാഷകന്‍ അറിയിച്ചു.
നടി ഹണി റോസ് നല്‍കിയ പരാതിക്കു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടു വയനാട്ടിലെത്തിയ എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഘം പിറ്റേന്നു രാവിലെ ഏഴരയോടെ ബോബിയെ കസ്റ്റഡിയിലെടുത്തു കൊച്ചിയിലേക്കു കൊണ്ടുവരികയായിരുന്നു. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം ലഭിക്കും എന്നായിരുന്നു ബോബിയുടെയും അഭിഭാഷകരുടയും പ്രതീക്ഷ. എന്നാല്‍ ബോബി ലൈംഗികാധിക്ഷേപം നടത്തിയെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അങ്ങനെയാണു ലൈംഗികാധിക്ഷേപ കേസില്‍ പ്രതിയായി വെള്ളിയാഴ്ച വൈകിട്ട് ബോബി കാക്കനാട് ജില്ലാ ജയിലിലെത്തിയത്.
https://www.facebook.com/Malayalivartha